വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനത്തിന് ചെലവഴിച്ച തുകയെന്ന പേരിൽ എസ്റ്റിമേറ്റ് തുക പ്രചരിപ്പിച്ചതിൽ മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പറയാനുള്ള കാര്യങ്ങൾ ക്ഷമയോടെ കേൾക്കണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ദൃശ്യ- പത്ര മാധ്യമങ്ങൾ നൽകിയ തലക്കെട്ടുകൾ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വായിച്ചു.
സംശയം ജനിപ്പിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. പ്രതിപക്ഷത്തെ പ്രധാന നേതാക്കളും പിന്നാലെ രംഗത്ത് എത്തി. കേരളത്തിനെതിരായ ദുഷ്പ്രചരണങ്ങൾ എല്ലാ സീമകളും കടന്ന് കുതിച്ചുയർന്നു. കാര്യങ്ങൾ വിശദീകരിച്ച് സർക്കാർ പത്രക്കുറിപ്പ് ഇറക്കിയെങ്കിലും ആദ്യം പറഞ്ഞ കള്ളത്തിന് പിന്നിൽ ഇഴയാനെ ആ സത്യത്തിന് കഴിഞ്ഞുള്ളൂ. കേരളീയർ ഉൾപ്പെടെ ലോകത്തിനു മുന്നിൽ അവഹേളിക്കപ്പെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വ്യാജ വാർത്തകളുടെ വലിയ പ്രശ്നം നുണകൾ അല്ലെന്നും അതിന് പിന്നിലുള്ള അജണ്ടകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ സഹായം നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്ന ദുഷ്ട ലക്ഷ്യം ഇതിന് പിന്നിലുണ്ട്. എല്ലാ പിന്തുണയും ഉണ്ടായിരുന്നു. ആ പിന്തുണയൂം സഹായവും തടയുകയാണ് വ്യാജ വർത്തകളുടെ അജണ്ട. സമൂഹത്തിന് എതിരായ കുറ്റകൃത്യമാണ്. ചില മാധ്യമങ്ങൾ തെറ്റായ വാർത്ത കൊടുത്തു എന്ന് പറഞ്ഞ് തിരുത്തി. അത് നല്ലകാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രത്തിന് നൽകിയ മെമ്മോറാണ്ടത്തിലെ കണക്കുകൾ ചിലവിന്റെ കണക്കായി വ്യാഖ്യാനിച്ചാണ് വ്യാജവാർത്തകൾ ഉണ്ടാക്കിയത്. ഏതുവിധേനയും സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്തുകയാണ്. ഈ ത്വരയിൽ ചതിച്ചത് ദുരന്തത്തിനെതിരയായ മനുഷ്യരെയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല, അതിനു പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരാണ്. അങ്ങനെ തയ്യാറാക്കിയ വിവരങ്ങളാണ് കള്ളക്കണക്ക് എന്ന് പറഞ്ഞു ആക്ഷേപിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യഥാർത്ഥ നഷ്ടം 1200 കോടി രൂപയിൽ കൂടുതലാണെന്ന് കണക്കാക്കിയിരുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. നാടിനെ പുനർനിർമിക്കാൾ 2000 കോടിയിലധികം വേണ്ടിവരും. അപ്പോഴാണ് 216 കോടി രൂപ ആവശ്യപ്പെട്ടതിനെ വളച്ചൊടിച്ചത്. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ ഒരു രൂപ പോലും ചെലവഴിക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എസ്.ഡി.ആർ.എഫിൻ്റെ വളരെ ഇടുങ്ങിയ മാനദണ്ഡങ്ങളാണെന്നും അദ്ദേഹം വിശദീകരിച്ചു.