ദുരന്തം വേട്ടയാടിയ മുണ്ടക്കൈ ചൂരൽമല പ്രദേശത്ത് നിന്നുള്ള 24 കാരൻ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നു. ചൂരൽമല സ്വദേശി വിവേക് എന്ന 24 കാരനാണ് ജീവിതത്തിലേക്ക് തിരിച്ചു വരാൻ സുമനസ്സുകളുടെ സഹായം തേടുന്നത്.വിവേകിന് കരൾ പകുത്തു നൽകാൻ അമ്മ ഉമ തയ്യാറാണെങ്കിലും 70 ലക്ഷം രൂപ കണ്ടെത്തുക എന്ന വലിയ കടമ്പയാണ് ഈ കുടുംബത്തിന് മുന്നിലുള്ളത്. ദുരന്തബാധിതർ എങ്കിലും കയ്യിലുള്ള ചെറിയ തുകകൾ പോലും വിവേകിന് നൽകാൻ ചൂരൽമലക്കാരും തയ്യാറാണ്.
എസ്റ്റേറ്റിലെ ദിവസ ജോലിക്കാരനായ പിതാവ് ബാലകൃഷ്ണന്റെ കുഞ്ഞു വരുമാനത്തിൽ നിന്നാണ് വിവേക് പഠിച്ച് പെട്രോ കെമിക്കൽ എൻജിനീയറിങ് പാസായത്.കുടുംബത്തിന് താങ്ങും തണലും ആകുമെന്ന് കരുതിയപ്പോഴാണ് വിവേകിന് രോഗത്തിൻറെ ആദ്യ ലക്ഷണങ്ങൾ കണ്ടത്.ജോലി കിട്ടി 10 ദിവസത്തിനകം തന്നെ വിവേക് ആശുപത്രിയിലായി.അന്നാണ് ആദ്യമായി രോഗം തിരിച്ചറിയുന്നത്. അതിനിടെ ഉണ്ടായ ഉരുൾപൊട്ടൽ വിവേകിനും കുടുംബത്തിനും സ്വന്തമായി ഉണ്ടായിരുന്നതെല്ലാം നഷ്ടമാക്കി.നിലവിൽ കരൾ മാറ്റിവെക്കൽ മാത്രമാണ് വിവേകിന്റെ ജീവൻ നിലനിർത്താനുള്ള ഏക വഴി.
ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെങ്കിലും വിവേകിന്റെ പേരിൽ ചികിത്സാസഹായ സമിതി ഉണ്ടാക്കി നാട്ടുകാരും പണം സ്വരൂപിക്കാനായി മുന്നിട്ടിറങ്ങി. ഇതുവരെ കിട്ടിയ തുകയെല്ലാം ചികിത്സാ ചിലവിനായി നൽകേണ്ടിവന്നു. ശസ്ത്രക്രിയയ്ക്കായി 70 ലക്ഷം രൂപയിൽ അധികം ഇനിയും കണ്ടെത്തണം. സുമനസ്സുകളുടെ സഹായം വിവേകിന് ഉണ്ടാവുമെന്ന് പ്രതീക്ഷയിലാണ് വീടും നാടും ഒന്നാകെ.
വിവേക് ചികിത്സാ ധനസഹായ നിധി
ACCOUNT NUMBER-5735117123
IFCS CODE-CBIN0280971
CENTRAL BANK OF INDIA
MEPPADI BRANCH