തിരുവനന്തപുരം: ദീപാവലി ആഘോഷത്തിനിടെയുള്ള യാത്രാ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ട്രെയിന്‍ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. തിരക്കേറിയ പാതകളിൽ 58 പ്രത്യേക ട്രെയിനുകൾ 277 സർവീസുകൾ നടത്തും. തിരുവനന്തപുരം നോർത്ത് – ഹസ്രത്ത് നിസാമുദ്ദീൻ – തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം നോർത്ത് – എസ്എംവിടി, ബെംഗളൂരു – തിരുവനന്തപുരം നോർത്ത്, കോട്ടയം – എംജിആർ ചെന്നൈ സെൻട്രൽ – കോട്ടയം, യശ്വന്കത്പൂർ – കോട്ടയം – യശ്വന്ത്പൂർ എന്നിവയുൾപ്പെടെ തിരക്കേറിയ റൂട്ടുകളിലാണ് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ വാർത്താക്കുറിപ്പിലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനമുള്ളത്.
ദീർഘദൂര പാതകളിലും അന്തർസംസ്ഥാന പാതകളിലും വർധിച്ചു വരുന്ന യാത്രക്കാരുടെ എണ്ണം കൈകാര്യം ചെയ്യുന്നതിനും ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി മറ്റു സേവനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ടെന്നും റെയിൽവേ വ്യക്തമാക്കി. യാത്രക്കാരുടെ തിരക്ക് വർധിച്ചതിന് പിന്നാലെ തിരുവനന്തപുരം ഡിവിഷനിലെ യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് 10 ട്രെയിനുകളിൽ റെയിൽവേ അധിക കോച്ചുകൾ അനുവദിച്ചിട്ടുണ്ട്.
അധിക കോച്ചുകൾ വരുന്നത് വെയ്റ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാരുടെ എണ്ണം കുറയ്ക്കാനും കൂടുതൽ പേർക്ക് സുഖമമായ യാത്രയൊരുക്കാനും സഹായിച്ചേക്കും. യാത്രക്കാരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ ടിക്കറ്റ് പരിശോധനയ്ക്കായി കൂടുതൽ പേരെ നിയമിക്കാനും നീക്കമുണ്ട്.
ചെന്നൈ – മധുര – തിരുനെൽവേലി – കന്യാകുമാരി, ചെന്നൈ – കോട്ടയം പാതകളിലും കൊച്ചുവേളിയിൽ നിന്ന് പ്രധാന നഗരങ്ങളായ ബെംഗളൂരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കും പ്രത്യേക ട്രെയിനുകൾ അനുവദിച്ചിട്ടുണ്ട്. വിശാഖപട്ടണം (ആന്ധ്രപ്രദേശ്), സാന്തരാഗച്ഛി, ഷാലിമാർ (പശ്ചിംബംഗാൾ), അംബാല കന്റോൺമെന്റ് (ഹരിയാന), ബറൗനി, ധൻബാദ് (ബിഹാർ) എന്നിങ്ങനെ രാജ്യത്തെ വിവിധ മേഖലകളിലേക്കും പ്രത്യേക സർവീസുകൾ ഒരുക്കിയിട്ടുണ്ട്. ഇതോടെ രാജ്യവ്യാപക കണക്ടിവിറ്റിയും ലക്ഷ്യമിടുകയാണ് പ്രത്യേക ദീപാവലി ട്രെയിനുകളിലൂടെ റെയിൽവേ.
പ്രത്യേക സർവസുകൾ സമയബന്ധിതമായി യാത്ര ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള പദ്ധതികളും റെയിൽവേ തയ്യാറാക്കിയിട്ടുണ്ട്. തിരക്കേറിയ സമയങ്ങളിൽ തിക്കും തിരക്കും ഒഴിവാക്കി യാത്ര സുഗമമാക്കാൻ ഗവൺമെന്റ് റെയിൽവേ പൊലീസ് (ജിആർപി), റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) സംഘങ്ങളെ കാൽനടമേൽപ്പാലങ്ങളിലും പ്രധാന സ്ഥലങ്ങളിലും വിന്യസിച്ചിട്ടുണ്ട്.
തിരക്ക് ഒഴിവാക്കി ട്രെയിനിൽ കയറുന്നത് സുഗമമാക്കാൻ പ്രാരംഭ സ്റ്റേഷനുകളിലും പ്രധാന സ്റ്റേഷനുകളിലും ജനറൽ കോച്ചുകളിൽ യാത്രക്കാർക്ക് ക്യൂ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഒപ്പം മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും യാത്രക്കാർക്ക് റെയില്‍വേ നിർദ്ദേശം നൽകിയിട്ടുണ്ട്.