India News Top News

ദാന ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു. തീവ്ര ചുഴലിക്കാറ്റായാണ് ദാന കരതൊട്ടത്.

ഭുവനേശ്വർ: ദാന ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു. തീവ്ര ചുഴലിക്കാറ്റായാണ് ദാന കരതൊട്ടത്. ഒഡീഷയില്‍ പലയിടങ്ങളിലും അതിശക്തമായ മഴയും കാറ്റും തുടരുകയാണ്. ഒന്നിലധികം ജില്ലകളെ ചുഴലിക്കാറ്റ് ബാധിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അപകടസാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ആറ് ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഒഡീഷയിലെ പുരിക്കും സാഗര്‍ ദ്വീപിനും ഇടയിലാണ് ദാന കര തൊട്ടത്.

തീരദേശ പ്രദേശങ്ങളായ ഭദ്രക്, കേന്ദ്രപാര, ബാലസോര്‍, ജഗത്സിംഗ്പൂര്‍ തുടങ്ങിയ ഇടങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 100 കിലോമീറ്റര്‍ മുതല്‍ 110 കിലോമീറ്റര്‍ വരെയാണ്. അതിശക്തമായ മഴയാണ് പ്രദേശങ്ങളില്‍ തുടരുന്നത്. പലയിടങ്ങളിലും വന്‍മരങ്ങള്‍ ഉള്‍പ്പടെ കടപുഴകി വീണു. എന്നാല്‍ ഇതുവരെ വലിയ അപകടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസമാണ്.

ഗതാഗത സംവിധാനങ്ങളെയും ചുഴലിക്കാട്ട് ബാധിച്ചിട്ടുണ്ട്. ഇന്നലെ വൈകീട്ട് മുതല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഒഡീഷയിലെ 16 ജില്ലകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നാണ് ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി അറിയിച്ചത്. സംസ്ഥാനത്തിന്റെ തയ്യാറെടുപ്പുകളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത്ഷായും വിവരങ്ങള്‍ തേടിയതായും മുഖ്യമന്ത്രി അറിയിച്ചു.

ദാന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും അതിശക്തമായ മഴമുന്നറിയിപ്പുണ്ട്. നാല് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ടുള്ളത്. അതിശക്തമായ മഴയാണ് ഇവിടങ്ങളില്‍ പ്രവചിച്ചിരിക്കുന്നത്.

Related Posts

Leave a Reply