പ്രതീക്ഷകൾ പതിന്മടങ്ങാക്കിയാണ് ദളപതി വിജയ്-ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യുടെ അപ്ഡേറ്റുകൾ പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രമിറങ്ങുന്ന ഓരോ ഭാഷയിലും ഓരോ ദിവസങ്ങളിലായി പോസ്റ്റർ പുറത്തിറക്കുകയാണ് നിർമ്മാതാക്കൾ. ആദ്യ ദിവസം ലിയോയുടെ തെലുങ്ക് പോസ്റ്ററും രണ്ടാം ദിവസം കന്നഡ പോസ്റ്ററും ഇറക്കിയിരുന്നു. പിന്നാലെ തമിഴ് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
‘ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക’ എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. ആയുധം മൂർച്ചകൂട്ടുന്ന നായകനെയും കാണാം. അടുത്തടുത്ത ദിവസങ്ങളിൽ പോസ്റ്റർ പങ്കുവെക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നടൻ വിജയ് ആന്റണിയുടെ മകളുടെ മരണത്തിൽ അനുശോചിച്ച് കഴിഞ്ഞ ദിവസം പോസ്റ്റർ പുറത്തുവിട്ടിരുന്നില്ല.
സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നീ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.