ഇടുക്കി: തൊടുപുഴയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി സ്വദേശി രാജീവിനെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായെന്ന് ഹോസ്റ്റലിലുള്ള അഞ്ച് കുട്ടികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പട്ടികവർഗ വകുപ്പാണ് വാര്‍ഡനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സര്‍ക്കാർ ഹോസ്റ്റലിനുള്ളില്‍ വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നായിരുന്നു കുട്ടികളുടെ മൊഴി. കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് ചൈല്ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സഹായം തേടും. പീഡന വിവരം ആദ്യം കുട്ടികളറിയിക്കുന്നത് ഹോസ്റ്റലിലെത്തിയ പട്ടികവർഗ വകുപ്പുദ്യോഗസ്ഥരെയാണ്. സ്ഥിരീകരിക്കാന്‍ വകുപ്പ് പ്രത്യേക കൗണ്‍സിലിംഗ് നടത്തി. ഇതിനുശേഷമാണ് തൊടുപുഴ പൊലീസില്‍ പരാതി നല്‍കുന്നത്. ഹോസ്റ്റലിലെ അഞ്ചു കുട്ടികളെ ആളില്ലാത്ത സമയത്ത് വാർഡന്‍ കരുനാഗപ്പള്ളി സ്വദേശി രാജീവ് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പൊലീസ് ഹോസ്റ്റലിലെത്തി മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ മൊഴിയെടുത്തു. മെഡിക്കല്‍ പരിശോധനയില്‍ കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമായി. തൊടുപുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പാകെ കുട്ടികളുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. തുടര്‍ന്നാണ് വാർഡന്‍ രാജീവിനെ അറസ്റ്റു ചെയ്യുന്നത്. ഇയാൾ കൂടുതല്‍ പേരെ പിഡിപ്പിച്ചിട്ടുണ്ടോയെന്ന സംശയം പൊലീസിനുണ്ട്. ഇതിനായി എല്ലാവരെയും കൗണ്‍സിലിംഗിന് വിധേയമാക്കണം. അതിനായി കേസുമായി ബന്ധപ്പെട്ട മുഴുവന്‍ റിപ്പോർട്ടും രണ്ടു ദിവസത്തിനുള്ളില്‍ ചൈല്‍ഡ് വെല്‍ഫയർ കമ്മിറ്റിക്ക് കൈമാറും. അവരുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാകും മറ്റു കുട്ടികളെ കൗൺസിലിംഗ് ചെയ്യുക.