Entertainment India News

തെലങ്കാന വനം വകുപ്പ് മന്ത്രി കൊണ്ട സുരേഖയ്‌ക്കെതിരേ മാനനഷ്ടത്തിന് പരാതി നൽകി നാഗാർജുന.

ഹൈദരാബാദ്: തെലങ്കാന വനം വകുപ്പ് മന്ത്രി കൊണ്ട സുരേഖയ്‌ക്കെതിരേ മാനനഷ്ടത്തിന് പരാതി നൽകി നടനും നാഗചൈതന്യയുടെ പിതാവുമായ നാഗാർജുന. മന്ത്രിയുടെ ആരോപണങ്ങൾ തന്നെയും കുടുംബത്തേയും അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണെന്നും ഇത് ക്രമിനൽ കുറ്റമാണെന്നും നഷ്ടപരിഹാരം വേണമെന്നും പരാതിയിൽ പറയുന്നു. തെന്നിന്ത്യൻ താരം സാമന്ത റുത്ത് പ്രഭുവും നടൻ നാഗചൈതന്യയും വിവാഹമോചിതരായതിന് പിന്നിൽ തെലങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകനും ബി ആർ എസ് നേതാവുമായ കെ ടി രാമറാവുവിന് പങ്കുണ്ടെന്നായിരുന്നു കൊണ്ട സുരേഖയുടെ ആരോപണം.

കെ ടി ആർ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും നടിമാരുടെ ഫോണുകൾ ചോർത്തി ബ്ലാക് മെയിൽ ചെയ്തെന്നും കാെണ്ടര സുരേഖ ആരോപിച്ചിരുന്നു. നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള എൻ-കൺവെൻഷൻ പൊളിച്ചുമാറ്റാതിരിക്കാൻ പകരമായി സാമന്തയെ താന്‍ സംഘടിപ്പിക്കുന്ന ലഹരി പാർട്ടിയിലേക്ക് അയയ്ക്കണമെന്ന് കെടിആർ ആവശ്യപ്പെട്ടെന്നും ഇത് സാമന്ത വിസമ്മതിച്ചതോടെയാണ് വിവാഹമോചിതരാവാൻ കാരണമായതെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.

പിന്നാലെ മന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. തുടർന്ന് പരാമർശം പിൻവലിക്കുന്നതായി സുരേഖ സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചിരുന്നു. തന്റെ പരാമർശം സാമന്തയെ വേദനിക്കിപ്പിക്കാനായിരുന്നില്ലെന്നും ഒരു നേതാവ് സ്ത്രീകളെ ഇകഴ്ത്തുന്നതിനെ ചോദ്യം ചെയ്യുന്നതിനായിരുന്നുവെന്നും സുരേഖ പറഞ്ഞിരുന്നു. സാമന്ത തനിക്ക് പ്രചോദനമാണെന്നും സുരേഖ പറഞ്ഞു.സാമന്തയോ ആരാധകരോ തന്റെ പരാമർശത്തിൽ വേദനിച്ചിട്ടുണ്ടെങ്കിൽ പരാമർശം പിൻവലിക്കുന്നതായും സുരേഖ വ്യക്തമാക്കി. സുരേഖയുടെ പരാമർശത്തിൽ കെ ടി ആർ സുരേഖയക്ക് വക്കീൽ നോട്ടീസയച്ചിരുന്നു.

അപകീർത്തിപരമായ പരാമർശം പിൻവലിച്ച് 24 മണിക്കൂറിനുള്ളിൽ മാപ്പ് പറയണമെന്നാണ് കെ ടി ആറിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. സുരേഖയുടെ പരാമർശത്തിനെതിരെ സാമന്തയും നാഗചൈതന്യയും രംഗത്തെത്തിയിരുന്നു. വിവാഹമോചനം വ്യക്തിപരമായ കാര്യമാണെന്നും ഊഹാപോഹങ്ങളിൽ മുഴുകി രാഷ്ട്രീയ പോരാട്ടങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്ന് സാമന്ത പറഞ്ഞു. തന്റെ വിവാഹമോചനം പരസ്പര സമ്മതത്തോടെയും സൗഹാർദപരവുമായിരുന്നുവെന്നും രാഷ്ട്രീയ ഗൂഢാലോചനയില്ലെന്നും നടി വ്യക്തമാക്കി. മന്ത്രിയുടെ പരാമർശങ്ങൾ പരിഹാസ്യമാണെന്നും അംഗീകരിക്കാൻ സാധിക്കില്ലെന്നും നാഗചൈതന്യ പറഞ്ഞു.

മാധ്യമങ്ങളുടെ തലക്കെട്ടുകൾക്കായി സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിത തീരുമാനങ്ങൾ മുതലെടുക്കുന്നതും ചൂഷണം ചെയ്യുന്നതും ലജ്ജാകരമാണെന്നും നാഗചൈതന്യയും പ്രതികരിച്ചു. തങ്ങളുടെ വ്യത്യസ്തമായ ജീവിത ലക്ഷ്യങ്ങൾ കാരണം, പക്വതയുള്ള രണ്ട് മുതിർന്നവർ ബഹുമാനത്തോടെയും അന്തസോടെയും മുന്നോട്ട് പോകാനുള്ള താൽപ്പര്യം കണക്കിലെടുത്ത് സമാധാനത്തോടെ എടുത്ത തീരുമാനമാണ് വിവാഹമോചനമെന്നും നാഗചൈതന്യ വ്യക്തമാക്കി.

Related Posts

Leave a Reply