തൃശ്ശൂര്‍: തൃശ്ശൂരിൽ വൻ മയക്കുമരുന്ന് വേട്ട. ആഡംബര കാറുകളിൽ കടത്തുകയായിരുന്ന 3.75 കോടി രൂപ വില വരുന്ന മൂന്ന് കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവും 2 ലക്ഷം രൂപയും പിടിച്ചെടുത്തു. പുത്തൂർ സ്വദേശി അരുണിനെയും, കോലഴി സ്വദേശി അഖിലിനെയും തൃശൂർ സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും, പീച്ചി പോലീസും ചേർന്ന് കുതിരാനിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ കൊടുങ്ങല്ലൂരിൽ സിന്തറ്റിക് ലഹരി മരുന്നായ എം.ഡി.എം.എയുമായി രണ്ട് പേരെ തൃശൂർ റൂറൽ ഡാൻസാഫ് ടീമും, കൊടുങ്ങല്ലൂർ പോലീസും ചേർന്ന് പിടികൂടി. എടവിലങ്ങ് സ്വദേശികളായ പുന്നക്കാപറമ്പിൽ ശിവകൃഷ്ണ (21), പറക്കാട്ട് വീട്ടിൽ അഭിനവ് (21) എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ലഹരി മരുന്ന് പിടികൂടിയത്. തീരദേശ മേഖലയിലെ മയക്കുമരുന്ന് വിൽപന നടത്തുന്ന ശൃംഖലയിലെ കണ്ണികളാണിവരെന്നും, മേഖലയിൽ വില്പന നടത്തുന്നതിനായി കൊണ്ടുവന്നതാണ് പിടികൂടിയ എം.ഡി.എം.എയെന്നും പോലീസ് പറഞ്ഞു. അന്വേഷണത്തിൽ പ്രതികൾ ബാംഗ്ലൂരിൽ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നത് എന്ന് വിവരം ലഭിച്ചു. പ്രതികൾ മയക്കുമരുന്ന് വാങ്ങിയ ആളുകളെയും വിൽപന നടത്തുന്ന ആളുകളെയും പറ്റി വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായും പോലീസ് പറഞ്ഞു.