തൃശൂർ: ദേശീയപാതയിൽ തളിക്കുളത്ത് നിയന്ത്രണം വിട്ട കാർ ഓട്ടോയിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ഓട്ടോ ഡ്രൈവറായ തളിക്കുളം ത്രിവേണി ഇത്തിക്കാട്ട് വിശ്വംഭരന്റെ മകൻ രതീഷ് (42) ആണ് മരിച്ചത്. കാർ യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് തളിക്കുളം ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപത്താണ് അപകടം നടന്നത്. ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് ആലപ്പുഴയിലേയ്ക്ക് മടങ്ങിയിരുന്നവർ സഞ്ചരിച്ച കാർ വലതു വശത്തേയ്ക്ക് തിരിഞ്ഞ് റോഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിലും വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു. പോസ്റ്റ് ഒടിഞ്ഞ് രതീഷിന്റെ ശരീരത്തിൽ പതിച്ചാണ് മരണം സംഭവിച്ചത്. നാട്ടുകാർ അര മണിക്കൂറോളം ശ്രമിച്ചാണ് രതീഷിനെ പോസ്റ്റിനടിയിൽനിന്ന് പുറത്തെടുത്തത്. തുടർന്ന് തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അതിനു മുമ്പേ മരണം സംഭവിച്ചു. പോസ്റ്റ് മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി. അവിവാഹിതനാണ്. അമ്മ: നിർമ്മല.