തൃശൂർ അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ കണ്ടെത്തി. രണ്ടുദിവസമായി കാണാതിരുന്ന കാട്ടാനയെയാണ് കണ്ടെത്തിയത്. ദൗത്യ സംഘത്തിന് വിവരം കൈമാറി. മൂന്ന് കാട്ടാനക്കൊപ്പമാണ് പരുക്കേറ്റ ആന സഞ്ചരിച്ചുകൊണ്ട് ഇരിക്കുന്നത്. വെറ്റിലപ്പാറയിലാണ് ആനയെ കണ്ടെത്തിയത്. ദൗത്യസംഘം ആനയെ തിരഞ്ഞ് നടക്കുകയായിരുന്നു.
ബുധനാഴ്ചയാണ് മയക്കുവെടി വെക്കുന്നതിനുള്ള ദൗത്യം ആരംഭിച്ചപ്പോൾ ആന ഉൾക്കാട്ടിലേക്ക് വലിഞ്ഞത്. തുടർന്ന് രണ്ട് ദിവസമായി ആനയെ കണ്ടെത്താനുള്ള ശ്രമമാണ് നടന്നത്. പ്ലാന്റേഷൻ മേഖലയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ആന ഉൾക്കാട്ടിലേക്ക് വലിഞ്ഞത്. മുറിവിൽ നിന്ന് പഴുപ്പ് ഒലിച്ചു ഇറങ്ങുന്ന നിലയിലാണ്.
ആന ചാലക്കുടി പുഴ മുറിച്ചുകടന്ന് തുരുത്തിലേക്ക് കയറി. മൂന്ന് ആനകൾ ഒപ്പമുണ്ട്. തുരുത്തിൽവെച്ച് ചികിത്സിക്കാനുള്ള ദൗത്യം നടക്കില്ല. തുരുത്തിന് എതിർവശത്തുള്ള റബ്ബർ തോട്ടത്തിലേക്ക് ആന കയറിയാൽ മാത്രമേ ദൗത്യം നടക്കുകയുള്ളൂ. ആനയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരം എന്നിരിക്കെ കണ്ടെത്താൻ വൈകുന്നത് ആശങ്കയ്ക്കിടയാക്കിയിരുന്നു.
വാഴച്ചാൽ ഡിവിഷന് പുറമേ, മലയാറ്റൂർ, ചാലക്കുടി ഡിവിഷനുകളിലും ആനയ്ക്കായുള്ള പരിശോധന ശക്തമാക്കാനിരിക്കെയാണ് ആനയെ കണ്ടെത്തുന്നത്. ആനയെ കണ്ടെത്തിയാൽ ഉടൻ തന്നെ മയക്കുവെടി വച്ച് ചികിത്സിക്കാനാണ് വനം വകുപ്പ് തീരുമാനം.