Kerala News

തൃശൂര്‍ പെരിങ്ങാവ് ഗാന്ധി നഗറില്‍ ഓട്ടോറിക്ഷയില്‍ കത്തിക്കരിഞ്ഞ മൃതദേഹം; പൊലീസ് മൃതദേഹം ശാസ്ത്രീയ പരിശോധന നടത്തും

തൃശ്ശൂർ: തൃശൂര്‍ പെരിങ്ങാവ് ഗാന്ധി നഗറില്‍ ഓട്ടോറിക്ഷയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് മൃതദേഹം ശാസ്ത്രീയ പരിശോധന നടത്തും. മരിച്ചത് പെരിങ്ങാവ് മേലുവളപ്പില്‍ പ്രമോദെന്നാണ് പ്രാഥമിക നിഗമനം. ഇത് ഉറപ്പിക്കാനാണ് ശാസ്ത്രീയ പരിശോധന നടത്തുന്നത്. മരണത്തിന് തൊട്ടുമുന്പ് ഓട്ടോയില്‍ പെട്രോള്‍ കന്നാസുമായി പ്രമോദിനെ കണ്ടിരുന്നതായി പരിസരവാസിയും സുഹൃത്തും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഇന്നലെ ഉച്ചതിരിഞ്ഞ് ഒന്നേമുക്കാലോടെയാണ് ഗാന്ധി നഗര്‍ സെക്കന്‍റ് സ്ട്രീറ്റിലെ ആളൊഴിഞ്ഞ മരച്ചുവട്ടില്‍ ഒതുക്കി നില്‍ത്തിയിട്ടിരിക്കുന്ന സിഎന്‍ജി ഓട്ടോ റിക്ഷ കത്തുന്നതായി നാട്ടുകാര്‍ കണ്ടത്. പ്രദേശ വാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി. തീയണച്ചതിന് പിന്നാലെയാണ് പിന്നിലത്തെ സീറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വണ്ടിയുടമയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് പെരിങ്ങാവ് സ്വദേശി മേലുവളപ്പില്‍ പ്രമോദാണെന്ന സൂചന കിട്ടിയത്.

തീ കത്തുന്നതിന് തൊട്ടുമുമ്പ് പ്രമോദിനെ പെട്രോള്‍ നിറച്ച കന്നാസുമായി ഓട്ടോയില്‍ കണ്ടതായി ജയചന്ദ്രനെന്ന സുഹൃത്തും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി ഡ്രൈവര്‍ ജോലി നോക്കുകയായിരുന്ന പ്രമോദ് അടുത്തിടെയാണ് സിഎന്‍ജി ഓട്ടോറിക്ഷ എടുത്തത്. സാന്പത്തിക ഞെരുക്കത്തെത്തുടര്‍ന്ന് മനപ്രയാസം ഉള്ളതായി സുഹൃത്തുക്കളും പറഞ്ഞു. ഭാര്യയും രണ്ടു മക്കളുമുണ്ട്. മൃതദേഹം പ്രമോദിന്‍റേത് തന്നെയെന്ന് ഉറപ്പാക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Related Posts

Leave a Reply