തൃശൂര്‍: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ കുറ്റവാളി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തമിഴ്‌നാട്ടുകാരനായ ബാലമുരുകന്‍(36) ആണ് വിയ്യൂരില്‍ നിന്ന് രക്ഷപ്പെട്ടത്. തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നാണ് ചാടിയത്.
ബാലമുരുകനെ തമിഴ്‌നാട്ടിലെ കോടതിയില്‍ ഹാജരാക്കി വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ എത്തിച്ചതായിരുന്നു. ജയിലിന്റെ പരിസരത്ത് വച്ച് തമിഴ്‌നാട് പൊലീസിനെ തള്ളിമാറ്റിയാണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിയോടെയായിരുന്നു സംഭവം. പൊലീസുകാര്‍ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല.
ബാലമുരുകനായി അന്വേഷണം പുരോഗമിക്കുകയാണ്. കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒട്ടേറെ മോഷണ കേസുകളില്‍ പ്രതിയാണ് ബാലമുരുകന്‍. കൊലപാതകം ഉള്‍പ്പടെ 53 കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. ഇതില്‍ അഞ്ചെണ്ണം കൊലപാതക കേസുകളാണ്. 2023 സെപ്തംബര്‍ 24 മുതല്‍ ഇയാള്‍ വിയ്യൂര്‍ അതീവ സുരക്ഷ ജയിലിലായിരുന്നു. പൊലീസിനെ ആക്രമിച്ച് ബാലമുരുകന്‍ നേരത്തെയും ജയില്‍ ചാടിയിട്ടുണ്ട്.