Entertainment Kerala News

തീയറ്റര്‍ പരിസരത്ത് റിവ്യൂ വേണ്ട; പ്രമോഷനും പ്രോട്ടോക്കോൾ വരും; കേസെടുത്തതിന് നന്ദി അറിയിച്ച് നിർമാതാക്കൾ

തീയറ്ററുകളിലുള്ള സിനിമകളെ മോശമാക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ ആദ്യ കേസെടുത്തതിന് പിന്നാലെ ഹൈക്കോടതിയോട് നന്ദി പറഞ്ഞ് നിർമാതാക്കൾ. സിനിമ റിവ്യൂ ബോംബിങ് പശ്ചാത്തലത്തിൽ സിനിമ പ്രമോഷന് ഉൾപ്പെടെ പ്രോട്ടോക്കോൾ കൊണ്ടുവരുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. സിനിമ പി.ആർ.ഒമാർക്ക് അടക്കം അക്രഡിറ്റേഷൻ കൊണ്ടുവരാനാണ് ആലോചന. നിർമാതാക്കളുടെ സംഘടനയും ഫെഫ്കയും അടക്കം ഇതിനായി ഒക്ടോബര്‍ 31ന് യോഗം ചേരും. റിവ്യൂ എന്ന പേരിൽ തീയറ്റർ പരിസരത്തുനിന്ന് സംസാരിക്കാൻ ആരെയും അനുവദിക്കില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. തോന്നിയത് പോലെ റിവ്യു നടത്തുന്നവർ സിനിമ വ്യവസായത്തെ തകർക്കുന്നുവെന്ന് നിർമാതാവ് ജി.സുരേഷ് കുമാർ പറഞ്ഞു.

ഭാര്യയുടെ കെട്ടുതാലി പണയം വച്ചുവരെ സിനിമ എടുത്തവർ ഉണ്ട്‌. എന്ത് തോന്നിവാസവും വിളിച്ചു പറയണമെങ്കിൽ വേറെ വല്ല പണിക്കും പോയാൽ പോരെ എന്നും ജി.സുരേഷ് കുമാർ ചോദിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ തോന്നിവാസം പറയലാണോ എന്നും സുരേഷ് കുമാർ ചോദിച്ചു.

ഒക്ടോബര്‍ 25നാണ് സിനിമ റിവ്യൂ ചെയ്തവര്‍ക്കെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത്. റാഹേൽ മകൻ കോര എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയില്‍ ആയിരുന്നു കേസ്. സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു എന്നായിരുന്നു പരാതി.

Related Posts

Leave a Reply