Kerala News

തിരൂരില്‍ അമ്മയും കാമുകനും ചേര്‍ന്ന് കൊന്ന് ബാഗിനുള്ളിലാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

മലപ്പുറം: തിരൂരില്‍ അമ്മയും കാമുകനും ചേര്‍ന്ന് കൊന്ന് ബാഗിനുള്ളിലാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓടയില്‍ തള്ളിയ പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. 

മൂന്നുമാസം മുമ്പാണ് ശ്രീപ്രിയയും പതിനൊന്ന് മാസം പ്രായമുള്ള ആണ്‍ കുഞ്ഞും തിരൂരിലെത്തുന്നത്. ആദ്യ ഭര്‍ത്താവ് മണിപാലനെ ഉപേക്ഷിച്ച് ശ്രീപ്രിയ കാമുകന്‍ ജയസൂര്യനൊപ്പം വരികയായിരുന്നു. മലപ്പുറം തിരൂരില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ് നാട് സ്വദേശിനി ശ്രീപ്രിയയും കാമുകന്‍ ജയസൂര്യനും ബന്ധുക്കളും ചേര്‍ന്ന് ശ്രീപ്രിയയുടെ ആദ്യ ബന്ധത്തിലെ കുഞ്ഞിനെ കൊന്നു കളഞ്ഞെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

തിരൂരില്‍ പലയിടങ്ങളിലായി വാടകയ്ക്ക് താമസിച്ചു. കുഞ്ഞിനെ ഒഴിവാക്കാനായി കൊന്നു ബാഗിലാക്കി തൃശൂര്‍ റെയില്‍ വേ സ്റ്റേഷന് സമീപത്തെ ഓടയില്‍ ഉപേക്ഷിച്ചു. എല്ലാം ഭദ്രമെന്ന് കരുതിയിരിക്കുമ്പോഴാണ് ഹോട്ടലില്‍ വച്ച് ശ്രീപ്രിയയെ അവരുടെ സഹോദരിയുടെ ഭര്‍ത്താവ് കാണുന്നത്. ശ്രീപ്രിയയുടെ സഹോദരി പുത്തനത്താണിയിലായിരുന്നു താമസം. ആക്രിക്കച്ചവടമായിരുന്നു ഇവര്‍ക്ക് തൊഴില്‍. നാടുവിട്ട ശ്രീപ്രിയയെ കണ്ടെത്തിയതോടെ സഹോദരിയും ഭര്‍ത്താവും കാര്യങ്ങള്‍ തിരക്കി. കുഞ്ഞെവിടെയെന്ന് ആരാഞ്ഞു. 

പരസ്പര വിരുദ്ധമായ മറുപടികള്‍ ശ്രീപ്രിയ നല്‍കിയതോടെ വാക്കേറ്റവും വഴക്കുമായി. വഴക്കു കണ്ട് നാട്ടുകാര്‍ പൊലീസിലറിയിച്ചു. തിരൂര്‍ സിഐ രമേശിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ ചോദ്യം ചെയ്യലില്‍ സംഭവങ്ങളുടെ ചുരുളഴിഞ്ഞു. ആദ്യം പറഞ്ഞത് കുഞ്ഞിനെ കൊലപ്പെടുത്തി മറ്റെവിടെയോ ഉപേക്ഷിച്ചെന്ന്. പിന്നീട് സത്യം പുറത്തു വന്നു. തന്നെ മറ്റൊരു മുറിയില്‍ അടച്ച ശേഷം കാമുകനും കാമുകന്‍റെ അച്ഛനും ചേര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് ശ്രീപ്രിയ പൊലീസിന് നല്‍കിയ മൊഴി.

താമസിക്കാതെ മലപ്പുറം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ശ്രീപ്രിയയുമായി തൃശൂരെത്തി. റെയില്‍വേ സ്റ്റേഷന്‍റെ രണ്ടാം ഗേറ്റിന് സമീപം ശ്രീപ്രിയ ചൂണ്ടിക്കാട്ടിയ ഓടയില്‍ ബാഗിനുള്ളില്‍ കുഞ്ഞിന്‍റെ മൃതദേഹ അവശിഷ്ടം കണ്ടെത്തി. അമ്മയെ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 

Related Posts

Leave a Reply