Kerala News

തിരുവിതാംകൂര്‍ സഹകരണ സംഘത്തിലെ നിക്ഷേപത്തട്ടിപ്പില്‍ ബിജെപി നേതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: തിരുവിതാംകൂര്‍ സഹകരണ സംഘത്തിലെ നിക്ഷേപത്തട്ടിപ്പില്‍ ബിജെപി നേതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. ബിജെപി നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തില്‍ 10 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പാണ് അറസ്റ്റിലായ എം എസ് കുമാര്‍ നടത്തിയത്. എം എസ് കുമാറിനൊപ്പം ഭരണസമിതി അംഗമായിരുന്ന എസ് ഗണപതി പോറ്റിയുടെയും അറസ്റ്റ് രേഖപ്പെടുത്തി. മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു.

സഹകരണ സംഘത്തിലെ തട്ടിപ്പിനെതിരെ മൂന്ന് പൊലീസ് സ്റ്റേഷനുകളിലായി 150ഓളം പരാതികള്‍ ലഭിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ പൊലീസ് മെല്ലെപ്പോക്ക് നടത്തുകയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. തട്ടിപ്പിന്റെ വ്യാപ്തി 10 കോടി കഴിഞ്ഞിട്ടും കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ പൊലീസ് തയ്യാറായില്ലെന്ന ആക്ഷേപം നിക്ഷേപകരുയര്‍ത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിക്ഷേപകര്‍ മുഖ്യമന്ത്രിക്കും സഹകരണ വകുപ്പ് മന്ത്രിക്കും ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു.

സഹകരണ നിയമം 68 (1) പ്രകാരം സാമ്പത്തിക ക്രമക്കേടില്‍ ഉത്തരവാദികളായ ഭരണസമിതി അംഗങ്ങളില്‍ നിന്ന് പണം തിരിച്ചുപിടിക്കുന്ന നടപടിക്ക് സെപ്റ്റംബറില്‍ ഉത്തരവിറങ്ങിയിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ ബാങ്കിന്റെ ഭരണസമിതിയംഗങ്ങള്‍ ഉത്തരവാദികളായ സെക്രട്ടറിയുള്‍പ്പെടെ ജീവനക്കാരുടെ സ്വത്തുവിവരങ്ങള്‍ ശേഖരിക്കുന്ന നടപടിക്രമങ്ങളാണ് അന്വേഷണത്തിന്റെ പരിധിയിലുള്‍പ്പെടുന്നത്. ഈ സ്വത്തുക്കള്‍ ജപ്തിചെയ്ത് നഷ്ടമായ പണം തിരിച്ചുപിടിക്കുകയാണ് നടപടി.

Related Posts

Leave a Reply