തിരുവനന്തപുരം: വീട്ടുകാര്‍ ഇല്ലാത്ത സമയത്ത് വീട് ജപ്തി ചെയ്ത അര്‍ബന്‍ ബാങ്കിന്റെ നടപടിയില്‍ ഇടപെട്ട മന്ത്രി ജി ആര്‍ അനിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെമ്പായം അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍. കോടതി നിര്‍ദേശ പ്രകാരം ഏറ്റെടുത്ത വസ്തുവില്‍ മന്ത്രി അനധികൃതമായി ഇടപെട്ടുവെന്നും വീട് ചവിട്ടിതുറക്കുന്നതിന് സഹപ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു എന്നുമാണ് ബാങ്ക് ചെയര്‍മാന്റെ ആരോപണം. കഴിഞ്ഞദിവസം കന്യാകുളങ്ങരയിലാണ് സംഭവം.
‘മന്ത്രി ജി ആര്‍ അനില്‍ ഇടതുപക്ഷ പ്രവര്‍ത്തകരുമായി സ്ഥലത്തെത്തി. കോടതി നിര്‍ദേശ പ്രകാരം ഏറ്റെടുത്ത വസ്തുവില്‍ അനധികൃതമായി പ്രവേശിക്കുകയും വീട് ചവിട്ടിതുറക്കുന്നതിന് സഹപ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുകയുമുണ്ടായി’, വെമ്പായം അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ പറഞ്ഞു.
കന്യാകുളങ്ങര കുണൂര്‍ സ്വദേശി പ്രഭകുമാരിയുടെ വീടാണ് നെടുമങ്ങാട് അര്‍ബന്‍ സഹകരണ ബാങ്കിലെ അധികൃതര്‍ കഴിഞ്ഞ ദിവസം ജപ്തി ചെയ്തത്. സ്ഥലം സന്ദര്‍ശിച്ച മന്ത്രി ജി ആര്‍ അനിലും സംഘവും വീട്ടുടമയ്ക്ക് വീടു തുറന്നു നല്‍കുകയായിരുന്നു. കോണ്‍ഗ്രസിന്റെ ഭരണസമിതിയില്‍ പ്രവര്‍ത്തിക്കുന്ന കന്യാകുളങ്ങര ബ്രാഞ്ചില്‍ നിന്നും 2016 ലാണ് ഒന്നര ലക്ഷം രൂപ പ്രഭകുമാരി വായ്പ എടുത്തത്. വായ്പാ തുകയില്‍ അമ്പതിനായിരം രൂപ 30-ാം തിയതി അടയ്ക്കാനിരിക്കയാണ് ബാങ്കിന്റെ ജപ്തി നടപടിയെന്നാണ് വിവരം. 85 വയസുള്ള അമ്മയെയും അപകടത്തില്‍ ഇരു കാലുകള്‍ക്കും പൊട്ടല്‍ സംഭവിച്ച് വിശ്രമത്തിലായിരുന്ന ഭര്‍ത്താവ് സജിയെയും ബാങ്ക് അധികൃതര്‍ വീടിന് പുറത്താക്കിയെന്നും ആരോപണം ഉണ്ട്. ആകെയുള്ള നാലര സെന്റില്‍ ഇരിക്കുന്ന കിടപ്പാടം ബാങ്ക് ജപ്തി ചെയ്തതോടെ രാത്രിയില്‍ വീടിന് പുറത്തിരുന്നു ഉറങ്ങാതെ നേരം വെളുപ്പിച്ചിരിക്കുകയായിരുന്നു പ്രഭകുമാരിയും കുടുംബവും.