Kerala News

തിരുവനന്തപുരത്ത് വന്‍ ലഹരിമരുന്ന് വേട്ട: കഞ്ചാവും ചരസും രാസലഹരിയുമായി മൂന്നു പേര്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കഞ്ചാവും ചരസും രാസലഹരിയുമായി മൂന്ന് പേരെ പിടികൂടിയെന്ന് എക്‌സൈസ്.  നെടുമങ്ങാട് സ്വദേശികളായ സുനീര്‍ ഖാന്‍, അരവിന്ദ് എന്നിവരെ കവടിയാര്‍ നിന്നും ആനാട് സ്വദേശി അരുണ്‍ ജി എന്ന യുവാവിനെ നെടുമങ്ങാട് വേണാട് ഹോസ്പിറ്റലിന് സമീപത്തു നിന്നുമാണ് പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു.

പ്രതികളില്‍ നിന്നായി 2.261 കിലോഗ്രാം കഞ്ചാവ്, 2.456 ഗ്രാം ചരസ്, 0.353 ഗ്രാം മെത്താംഫിറ്റമിന്‍ എന്നിവയാണ് പിടിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിരുവനന്തപുരം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കുഞ്ഞുമോന്റെ നേതൃത്വത്തില്‍ ആയിരുന്നു റെയിഡ്. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ബി അജയകുമാര്‍, എസ്. പ്രേമനാഥന്‍, ബിനുരാജ് വിആര്‍, സന്തോഷ്‌കുമാര്‍. ഇ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആദര്‍ശ്, ശരത്, ജയശാന്ത്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ആശ എന്നിവരും പങ്കെടുത്തു. 

പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ ഒന്നാം നമ്പര്‍ പ്ലാറ്റുഫോമിന് സമീപത്തു നിന്ന് 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയെന്നും എക്‌സൈസ് അറിയിച്ചു. സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. ജിജി പോളിനൊപ്പം ആര്‍പിഎഫ് സംഘവും ചേര്‍ന്നാണ് കഞ്ചാവ് കണ്ടെടുത്തത്. അന്യസംസ്ഥാനത്തു നിന്ന് കേരളത്തിലേക്ക് വില്പനയ്ക്ക് കൊണ്ടുവന്ന കഞ്ചാവ് പരിശോധന ഭയന്ന് ഉപേക്ഷിച്ചു കടന്നതാണെന്നാണ് പ്രാഥമിക നിഗമനമെന്നും പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് അറിയിച്ചു. 

Related Posts

Leave a Reply