തിരുവനന്തപുരം: തിരുവനന്തപുരത്ത് മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ഇടമില്ലാതെ നെട്ടോട്ടം. ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെ ഫ്രീസര്‍ പ്രവര്‍ത്തനം നിലച്ചതാണ് ഗുരുതര പ്രതിസന്ധിക്ക് കാരണം. മോര്‍ച്ചറിയിലെ ഫ്രീസറിന്റെ തകരാര്‍ പരിഹരിക്കാനാകാത്ത ആരോഗ്യവകുപ്പിന്റെ നിരുത്തരവാദ നടപടിയാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം. മൃതദേഹങ്ങള്‍ ഇപ്പോള്‍ അത്യാഹിത വിഭാഗത്തില്‍ സൂക്ഷിക്കുന്നത് മണിക്കൂറുകളാണ്. രണ്ട് ഫ്രീസറുകളിലായി എട്ട് മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യമായിരുന്നു ഇവിടെയുണ്ടായിരുന്നത്. പ്രധാന ഫ്രീസര്‍ കേടായി രണ്ട് മാസം കഴിഞ്ഞിട്ടും പരിഹാരം കാണാന്‍ ആരോഗ്യ വകുപ്പിനായിട്ടില്ല.
രണ്ടാമത്തെ ഫ്രീസര്‍ കൂടി കേടായതോടെ പ്രതിസന്ധി രൂക്ഷമാകുകയായിരുന്നു. നാല് ദിവസമായി രണ്ടാമത്തെ ഫ്രീസറും തകരാറിലായിട്ട്. ഇന്നലെ പൊലീസ് ആശുപത്രിയിലെത്തിച്ച അജ്ഞാതമൃതദേഹം അത്യാഹിത വിഭാഗത്തില്‍ സൂക്ഷിച്ചത് അഞ്ച് മണിക്കൂര്‍ നേരമാണ്. രോഗികള്‍ സ്ഥിരമായി എത്തുന്ന അത്യാഹിത വിഭാഗത്തിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചത്.
തുടര്‍ന്ന് മൃതഹേം 17 കിലോ മീറ്റര്‍ അകലെയുള്ള നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് ജനറല്‍ ആശുപത്രി സുപ്രണ്ട് പ്രീതി ജെയിംസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഫ്രീസറിന്റെ തകരാര്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നാണ് സുപ്രണ്ടിന്റെ മറുപടി. എന്നാല്‍, രണ്ട് മാസം കഴിഞ്ഞിട്ടും ഫ്രീസര്‍ തകരാര്‍ എന്തുകൊണ്ട് പരിഹരിച്ചില്ല എന്നതിന് കൃത്യമായ മറുപടി ആശുപത്രി സൂപ്രണ്ടോ, ആരോഗ്യ വകുപ്പോ നല്‍കാന്‍ തയ്യാറാകുന്നില്ല.
മെഡിക്കല്‍ കോളേജിലെ ഫ്രീസിങ്ങ് യൂണിറ്റ് നിറഞ്ഞു കവിയുന്ന സാഹചര്യമാണ്. അതിനാല്‍ ജില്ലയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ഇടമില്ലാത്ത സാഹചര്യമാണ്. നഗരത്തിലെ പ്രധാന ആശുപത്രിയിലാണ് ഈ ദുരിതം. വിഷയത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി നേരിട്ട് ഇടപെടണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.