തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെയുണ്ടായ സംഘർഷത്തിൽ ഗൃഹനാഥൻ മരിച്ചു. വാമനപുരം അമ്പലമുക്ക് സ്വദേശി സുധാകരൻ (55) ആണ് മരിച്ചത്. അമ്മയുടെ പിറന്നാൾ ആഘോഷത്തെ ചൊല്ലി മക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഓടയിൽ വീണ് സുധാകരന് പരിക്കേറ്റിരുന്നു. അമ്പലമുക്ക് ഗാന്ധിനഗറിലെ വീട്ടിൽ ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. അമ്മയുടെ പിറന്നാൾ ആഘോഷത്തെ ചൊല്ലി സുധാകരൻ്റെ മൂന്ന് മക്കൾ തമ്മിൽ വഴക്കുണ്ടായി. ചേരി തിരിഞ്ഞുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയും സംഘട്ടനത്തിനിടെ സുധാകരന് ഓടയിൽ വീണ് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. അബോധാവസ്ഥയിലായ സുധാകരനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി മക്കൾ മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. സംഘർഷത്തിൽ പരിക്കേറ്റ മകൻ കൃഷ്ണ കരേറ്റുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.