തിരുവനന്തപുരം: സൈബർ ആക്രമണത്തിൽ പൊലീസിന് വിലപ്പെട്ട വിവരങ്ങൾ നഷ്ടമായി. പൊലീസുകാരുടെയും കുറ്റവാളികളുടെയും പേരുവിവരങ്ങളടക്കം നിർണായക വിവരങ്ങളാണ് ചോർന്നത്. ഹാക്ക് ചെയ്ത കമ്പ്യൂട്ടറിന്റെ ഐപി അഡ്രസ് ഉൾപ്പെടെ ലഭിച്ചെങ്കിലും പൊലീസിനെ വെള്ളം കുടിപ്പിച്ച കുറ്റവാളിയെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. സൈബർ ആക്രമണം പലരെയും പല തരത്തിലാണ് ബാധിച്ചത്. ഫേസ്ബുക്കിന് ചില പ്രത്യേക ഫീച്ചറുകൾ പിൻവലിക്കേണ്ടിവന്നതും ഗൂഗിൾ പ്ലസ് ആപ്ലിക്കേഷൻ ഗൂഗിൾ നിർത്തിയതുമെല്ലാം ഇതേത്തുടർന്നാണ്.
വ്യക്തി വിവരങ്ങൾ ഉൾപ്പെടെ വലിയ ഡാറ്റാ ചോർച്ചയാണ് സംഭവിച്ചത്. ഒരുമാസം മുമ്പ് നടന്ന സൈബർ ആക്രമണം പൊലീസ് അറിയുന്നത് ഒക്ടോബർ 23-നാണ്. അപ്പോഴേക്കും പൊലീസിന്റെ ഔദ്യോഗിക ആപ്ലിക്കേഷൻ യൂസർനെയ്മും പാസ്സ്വേർഡും ഉൾപ്പെടെ പ്രധാനപ്പെട്ട വിവരങ്ങൾ ചോർന്നു. എല്ലാ ക്രിമിനലുകളുടെയും വിവരങ്ങൾ ശേഖരിച്ചിരിക്കുന്ന ക്രൈം ഡ്രൈവ്, പൊലീസുകാരുടെ എല്ലാ വിവരങ്ങളും അടങ്ങിയ ഡയൽ എ കോപ്പ്, പോൽ ആപ്പ് -ഐ ആപ്പ്സ് -സിസിടിഎൻഎസ് എന്നീ പ്രധാനപ്പെട്ട ആപ്ലിക്കേഷനുകളുടെ വിവരങ്ങൾ എന്നിവയാണ് ചോർന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വിവരമുള്ള സ്പാർക്കിൽ അടക്കം സ്പാർക്കുണ്ടാക്കിയാണ് ഡാറ്റ ചോർത്തിയത്.
സൈബർ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ സ്വകാര്യ കമ്പ്യൂട്ടർ ഹാക്ക് ചെയ്ത വിവരം കണ്ടെത്താൻ സാധിച്ചത്. തുടർന്ന് സമാന സംഭവങ്ങൾ മറ്റിടങ്ങളിലും ഉണ്ടായതായി കണ്ടെത്തി. ഹാക്ക് ചെയ്ത കമ്പ്യൂട്ടറിന്റെ ഐപി അഡ്രസ് ഉൾപ്പെടെ ലഭിച്ചെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഹാക്ക് ചെയ്ത വിവരം തിരിച്ചറിഞ്ഞ ശേഷം ആപ്ലിക്കേഷനുകളുടെ പാസ്സ്വേർഡും യൂസർനെയ്മും മാറ്റിയാണ് അക്കൗണ്ടുകൾ തിരിച്ചെടുത്തത്.
