തിരുവനന്തപുരം: സഹോദരിമാരായ രണ്ടു വനിതാ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സാമ്പത്തികത്തട്ടിപ്പിന് കേസ്. പണം മടക്കിച്ചോദിച്ചതിന് കുപ്രസിദ്ധ ഗുണ്ടയായ ഗുണ്ടുകാട് സാബുവിനെ കൊണ്ട് പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗുണ്ടുകാട് സാബു, പേയാട് സ്വദേശിയായ വിഴിഞ്ഞം കോസ്റ്റൽ സ്റ്റേഷനിലെ സംഗീത, സഹോദരി തൃശൂർ വനിതാസെല്ലിൽ ജോലി ചെയ്യുന്ന സുനിത, ഇവരുടെ ഭർത്താവ് ജിപ്സൺ രാജ്, ശ്രീകാര്യം സ്വദേശി ആദർശ് എന്നി വർക്കെതിരെയാണ് പോത്തൻകോട് പൊലീസ് കേസെടുത്തത്. കാട്ടായിക്കോണം സ്വദേശിനി ആതിര നൽകിയ പരാതിയിലാണ് നടപടി.
റിയൽ എസ്റ്റേറ്റ് ബിസിനസിനു വേണ്ടിയാണ് സംഗീതയും സഹോദരി സുനിതയും ആരതിയിൽ നിന്ന് പണം വാങ്ങിയത്. രേഖകളും ചെക്കുകളും നൽകിയത് സംഗീതയും ജിപ്സൺരാജുമായിരുന്നു. പറഞ്ഞ തീയതിയിൽ ബാങ്കിൽ കൊടുത്ത ചെക്കുകൾ മടങ്ങി. തുടർന്ന് ആതിര പണം തിരികെ ആവശ്യപ്പെട്ടു. ഇതിനിടെ കഴിഞ്ഞ മാർച്ച് 4ന് ഗുണ്ടു കാട് സാബു ഫോണിലൂടെ ഭീഷണി മുഴക്കി. സംഗീതയ്ക്കു വേണ്ടിയാണ് വിളിക്കുന്നതെന്നും എഗ്രിമെന്റുകളടക്കം തിരികെ നൽകണമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് കേസെടുക്കാൻ പൊലീസ് തയ്യാറായത്.