തിരുവനന്തപുരം: വീട്ടിലെത്തി യുവതിക്ക് നേരെ എയർഗൺ ഉപയോഗിച്ച് വെടിവെച്ച സംഭവത്തില്‍ അന്വേഷണം ഊർജിതപെടുത്തി പൊലീസ്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഷിനിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൊഴിയിൽ നിന്ന് പ്രതിയെ കുറിച്ചുളള സൂചന പൊലീസിന് ലഭിച്ചെന്നാണ് വിവരം. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും വിവരമുണ്ട്.
അക്രമിയായ സ്ത്രീയെത്തിയത് വ്യാജ നമ്പർ പ്ലേറ്റ് ഉള്ള കാറിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ചുളള അന്വേഷണത്തിൽ ആക്രമണത്തിന് ശേഷം പ്രതി ചാക്ക ഭാഗത്തേക്ക് രക്ഷപെട്ടതായാണ് വിവരം. കാറ് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഞായറാഴ്ച രാവിലെയാണ് യുവതിക്ക് നേരെ എയർഗൺ ഉപയോഗിച്ച് ആക്രമണമുണ്ടായത്. തിരുവനന്തപുരം വഞ്ചിയൂരിലാണ് സംഭവം. വള്ളക്കടവ് സ്വദേശി ഷിനിയെയാണ് മുഖംമൂടി ധരിച്ചെത്തിയ സ്ത്രീ ആക്രമിച്ചത്. ഷിനിയുടെ വലുതു കൈയ്ക്ക് പരിക്കേറ്റു.
മൂന്ന് തവണയാണ് അക്രമി ഷിനിക്ക് നേരെ വെടിയുതിർത്തത്. മുഖംമൂടി ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിഞ്ഞില്ലെന്ന് ഷിനി പൊലീസിനോട് പറഞ്ഞിരുന്നു. ആമസോണിൽ നിന്നുള്ള കൊറിയർ നൽകാനെന്ന പേരിലാണ് മുഖംമൂടി ധരിച്ച് സ്ത്രീ എത്തിയത്. ഷിനിയുടെ ഭാര്യാ പിതാവ് കൊറിയർ വാങ്ങാൻ ശ്രമിച്ചെങ്കിലും അക്രമി പാര്‍സൽ നൽകിയിരുന്നില്ല. എന്നാൽ ഷിനി വന്നയുടൻ കൈയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വെടുയുതിർത്ത ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. എൻആര്‍എച്ച്എം ജീവനക്കാരിയാണ് ഷിനി.
വെടിയേറ്റ് നിമിഷകൾക്കകം തന്നെ ഷിനിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു. ‘അവർ എന്നെ ആക്രമിച്ചത് എന്തിനാണ് എനിക്ക് ശത്രുക്കളാരും ഇല്ലല്ലോ’യെന്ന് ഷിനി പറഞ്ഞിരുന്നതായാണ് വിവരം. ഷിനിയുടെ കൈപ്പത്തിക്കാണ് വെടിയേറ്റത്. ഉളളിലേക്ക് തുളച്ചുകയറിയ പെല്ലറ്റ് നീക്കംചെയ്യാന്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് അറിയിച്ചിരിക്കുന്നത്.