തിരുവനന്തപുരം: മെഡിക്കൽ കോളേജിൽവെച്ച് യുവാവിന് ക്രൂരമായി മർദനമേറ്റു. വിളപ്പിൽശാല സ്വദേശി അനന്ദുവിനാണ് മർദനമേറ്റത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണമാരംഭിച്ചു. ഉച്ചയോടെ ആയിരുന്നു ആക്രമണം. യുവാവ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീട്ടിൽ നിന്ന് പിണങ്ങി മാറി നിൽക്കുകയാണെന്ന് പൊലീസ് പറയുന്നു.
മെഡിക്കൽ കോളേജ് പരിസരത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുകയും അവിടെ നിന്ന് തന്നെ ആഹാരം കഴിക്കുകയും താമസമാക്കുകയും ചെയ്യുന്ന സാഹചര്യമായിരുന്നു. മെഡിക്കൽ കോളേജ് പരിസരത്തുള്ളവരാണ് യുവാവിനെ മർദിച്ചതെന്നും പൊലീസ് പറയുന്നു. തടി അടക്കം ഉപയോഗിച്ചാണ് അനന്ദുവിനെ ക്രൂരമായി മർദിക്കുന്നത്. അടിയേൽക്കുമ്പോൾ യുവാവ് ആർത്തുകരയുന്നത് ദൃശ്യങ്ങളിലുണ്ട്.