തിരുവനന്തപുരം മാറനല്ലൂരില്‍ അംഗനവാടിയില്‍ മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം ടീച്ചര്‍ വീട്ടുകാരോട് മറച്ചുവച്ചതായി ആക്ഷേപം. പൊങ്ങുമ്മൂട് രതീഷ് -സിന്ധു ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളായ വൈഗയാണ് ഗുരുതരാവസ്ഥയില്‍ എസ്ഐടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കുഞ്ഞ് വീണകാര്യം പറയാന്‍ മറന്നുപോയെന്നാണ് അധ്യപികയുടെ വിശദീകരണം.
വ്യഴാഴ്ച ഉച്ചക്ക് 12 മണിക്കാണ് സംഭവം. വൈകിട്ട് അച്ഛന് കുട്ടിയെ വിളിക്കാന്‍ വന്നപ്പോള്‍ മുഖത്ത് നീര് കണ്ടെങ്കിലും ഉറങ്ങിയതിന്റെ ക്ഷീണമെന്നാണ് കരുതിയത്. വീട്ടിലെത്തിയ കുഞ്ഞ് ശര്‍ദ്ദിച്ചതോടെ അങ്കണവാടിയിലെ ടീച്ചറിനെ വിളിച്ച് കാര്യതിരക്കിയപ്പോഴാണ് വീണ കാര്യം പറയുന്നത്. കസേരയില്‍ നിന്ന് പിന്നോട്ട് മറഞ്ഞുവീഴുകയായിരുന്നു എന്നാണ് ടീച്ചര്‍ പറഞ്ഞത്.
കുട്ടിയുടെ തലയോട്ടി പൊട്ടിയിട്ടുണ്ട്. തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. തോളെല്ലും പൊട്ടിയിട്ടുണ്ട്. നട്ടെല്ലിനും ക്ഷതം ഏറ്റിട്ടുണ്ട്. ഉയരത്തില്‍ നിന്നുള്ള വീഴ്ചയിലാകാം പൊട്ടലേറ്റതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. സംഭവം പറയാന്‍ മറന്നു പോയതെന്നാണ് ടീച്ചറുടെ വിശദീകരണം. സംഭവത്തില്‍ ബാലാവകാശ കമ്മീഷന് കേസെടുത്തു.