Kerala News

തിരുവനന്തപുരം: നെയ്യാറ്റിൻകര മേഖലയിൽ ബൈക്കിലെത്തി മാല മോഷണം നടത്തിയ മൂന്നംഗ സംഘം പൊലീസ് പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകര മേഖലയിൽ ഒരു ദിവസം മൂന്ന് സ്ഥലങ്ങളിൽ ഒരേ ബൈക്കിലെത്തി മാല മോഷണം നടത്തിയ മൂന്നംഗ സംഘം പൊലീസ് പിടിയിൽ. ബൈക്ക് ഓടിച്ചിരുന്ന പ്രാവച്ചമ്പലം പൂഴിക്കുന്നിൽ വാടകയ്ക്ക് താമസിക്കുന്ന ശരത്ത് (26), മാരായമുട്ടം വടക്കേവിള തണ്ണിക്കുഴി വീട്ടിൽ അമൽരാജ് (22), കമുകിൻകോട് കൊച്ചുപള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ശക്തി വേൽ (23) എന്നിവരെയാണ് ഷാഡോ പൊലീസ് പിടികൂടിയത്.

പ്രതികൾ കവർച്ച നടത്തിയ ആഭരണകൾ എറണാകുളത്ത് കൊണ്ടുപോയി വിൽപ്പന നടത്തിയ ശേഷം തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മൂന്നാംഗ സംഘത്തെ എസ് പിയുടെ ഷാഡോ പൊലീസ് സംഘം പിടികൂടിയത്. നെയ്യാറ്റിൻകര, പൂവാർ കുന്നത്തുകാൽ എന്നീ മേഖലകളിലാണ് ബൈക്കിലെത്തിയ മൂന്നാംഗ സംഘം മാല പൊട്ടിച്ചെടുത്ത് മുങ്ങിയത്.

നെയ്യാറ്റിൻകര തവരവിള സ്വദേശിയായ പ്രിയ, സ്കൂട്ടറിൽ ബാങ്കിൽ പോയി മടങ്ങി വരുന്ന സമയം തവര വിളയിൽ വച്ച് സ്കൂട്ടറിൽ ഇടിച്ചു വീഴ്ത്തിയ ശേഷമാണ് അഞ്ച് പവൻ തൂക്കമുള്ള മാല പൊട്ടിച്ചെടുത്ത് കടന്നത്. കുന്നത്തുകാൽകട്ടച്ചൽവിള സ്വദേശിയായ വീട്ടമ്മ ബേബി റോഡിലൂടെ നടന്നു വരുമ്പോഴാണ് രണ്ടു പവൻ തൂക്കമുള്ള മാലയാണ് ഈ സംഘം പൊട്ടിച്ചെടുത്ത് മുങ്ങിയത്. പൂവാർ കാലായി തോട്ടം സ്വദേശിയായ കലയുടെ മാല പൊട്ടിച്ചുടുക്കാൻ ശ്രമിച്ചയെങ്കിലും വീട്ടമ്മ റോഡിൽ വീണതോടെ അതുവഴി മറ്റൊരു ബൈക്ക് വരുന്നത് കണ്ട് മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു. നെയ്യാറ്റിൻകരയിലും കുന്നത്തുകാൽ എന്നീ രണ്ട് സ്ഥലങ്ങളിലായി ഏഴ് പവന്റെ മാലയാണ് മോഷ്ടാക്കൾ പൊട്ടിച്ചെടുത്ത് കടന്നത്. നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിൽ മാസ്ക് ധരിച്ച് പുറകിലിരുന്നയാളാണ് മോഷണം നടത്തുന്നതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു.

നെയ്യാറ്റിൻകര, പൂവാർ , വെള്ളറട എന്നി പൊലീസ് സ്റ്റേഷൻ പരിധികളിലാണ് മോഷണം നടത്തിയത്. സി സി ടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ‍ഡ് ചെയ്തു.

Related Posts

Leave a Reply