തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തലസ്ഥാന നഗരിയിൽ വിവിധയിടങ്ങളിൽ വെളളം കയറി. പട്ടം കോസ്‌മോ ഹോസ്പിറ്റലിന് എതിർവശത്തും കഴക്കൂട്ടത്തും നിരവധി വീടുകളിൽ വെള്ളം കയറി. രക്ഷാപ്രവർത്തനം തുടരുന്നു. വെള്ളായണിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പതിനഞ്ചോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
കനത്ത മഴയിലാണ് രൂക്ഷമായ വെള്ളക്കെട്ടുണ്ടായതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. വേളി പൊഴി മുറിച്ചെങ്കിലും ഫലമുണ്ടായില്ല. വെള്ളം കടലിലേക്ക് ഒഴുകിയാൽ വെള്ളക്കെട്ട് താഴും. അടിയന്തര നടപടികൾ സ്വീകരിക്കുന്നുണ്ട്. തിരുവനന്തപുരം നഗരത്തിൽ 11 ക്യാമ്പുകൾ തുറന്നു. ത്വരിത നടപടികൾ സ്വീകരിക്കുന്നു മന്ത്രി ആൻ്റണി രാജു പറഞ്ഞു.
തിരുവനന്തപുരം നെയ്യാറ്റിൻകര റെയിൽവെ സ്റ്റേഷനു സമീപത്തുള്ള വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കിളിമാനൂർ പഴയകുന്നുമ്മേൽ കാനറ വാട്ടർ ടാങ്കിന്സമീപം കാനറ ശ്മശാനത്തിലേക്കുള്ള റോഡിൽ കുന്ന് ഇടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. പഴയ കുന്നുമ്മേൽ വണ്ടന്നൂർ വാർഡിലെ പല പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. മരുത്തൂരിൽ ഹൈവേയ്ക്ക് കുറുകേ മരം വീണ് ഗതാഗതം തടസ്സപെട്ടതായും റിപ്പോർട്ടുണ്ട്.
പാറ്റൂർ ഇഎംഎസ് നഗർ, തേക്കുംമൂട് ബണ്ട് കോളനിയിലും വീടുകളിലേക്കും വെളളം കയറിയിട്ടുണ്ടെന്നാണ് വിവരം. അരപ്പൊക്കത്തിൽ വെള്ളം കയറിട്ടുണ്ട് പ്രദേശവാസികൾ പറഞ്ഞു. തേക്കുംമൂട് ബണ്ട് കോളനിയിൽ 106 വീടുകളിൽ വെളളം കയറിയിട്ടുണ്ട്. വീട്ടിനുള്ളിൽ വയ്യാതെ കിടക്കുന്ന വൃദ്ധനെ പുറത്തേക്ക് എത്തിക്കാൻ ഫയർഫോഴ്സ് സ്ഥലത്ത് എത്തി.
വെഞ്ഞാറമൂട് നിർമാണത്തിലിരിക്കുന്ന വീടുകൾ ഉൾപ്പെടെ രണ്ടു വീടുകൾ തകർന്നു. കല്ലുവിളയിൽ മതിൽ തകർന്നു വീണ് യുവാവിന് പരിക്കേറ്റു. കിണർ ഇടിഞ്ഞു താഴ്ന്നതായും റിപ്പോർട്ടുണ്ട്. ആറ്റിങ്ങൽ ചിറയിൻകീഴ് മേഖലകളിലും വെള്ളം കയറിയിട്ടുണ്ട്.
