തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസില്‍ അച്ഛന്റെ വാദങ്ങള്‍ തള്ളി സിബിഐ. ജസ്‌നയുടെ പിതാവ് ആരോപിക്കുന്നത് പോലെ രക്തം പുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. ജെസ്‌ന ഗര്‍ഭിണിയായിരുന്നില്ലെന്നും സിബിഐ വ്യക്തമാക്കി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ സിബിഐ ഇന്‍സ്‌പെക്ടര്‍ കോടതിയില്‍ നേരിട്ട് ഹാജരായി. കോടതി 29 ന് വിധി പറയും.
കേസിലെ അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് കോടതി നേരത്തെ പരിഗണിക്കാനിരുന്നത്. എന്നാല്‍ ഇതിനെതിരെ ജസ്‌നയുടെ കുടുംബം തടസഹർജി ഫയല്‍ ചെയ്യുകയായിരുന്നു. ജനുവരിയില്‍ കേസ് പരിഗണിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മജിസ്‌ട്രേറ്റ് അവധിയായതിനാലാണ് കേസ് മാറ്റിയത്.
ജെസ്‌ന മരിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സിബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്ന ക്ലോഷര്‍ റിപ്പോര്‍ട്ടും സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് അന്വേഷണം അവസാനിപ്പിക്കണമെന്നാണ് സിബിഐയുടെ വാദം. എന്നാല്‍ അന്വേഷണം അവസാനിപ്പിക്കരുതെന്നും തുടരണമെന്നുമാണ് ജെസ്‌നയുടെ കുടുംബം തടസഹർജിയില്‍ ആവശ്യപ്പെട്ടത്. ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ ജെസ്‌നയെ 2018 മാര്‍ച്ച് 22 നാണ് കാണാതാകുന്നത്. ലോക്കല്‍ പൊലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സിബിഐ കേസ് ഏറ്റെടുത്തത്.