തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയിൽ ചേരും. രാവിലെ 11 മണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിൽ നേതാക്കൾ പാർട്ടിയിൽ ചേരുമെന്നാണ് ബിജെപി നേതൃത്വം അറിയിച്ചിട്ടുള്ളത്. ആരൊക്കെയാണ് പാർട്ടിയിലേക്ക് എത്തുന്നത് എന്ന വിവരം ബിജെപി സസ്പെൻസാക്കി വച്ചിരിക്കുകയാണ്. ഇടത്, വലത് മുന്നണികളിൽ നിന്ന് നേതാക്കൾ ബിജെപിയിലെത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് ഇന്നലെ വൈകിട്ട് പാർട്ടി നേതൃത്വം അറിയിച്ചത്. ശശി തരൂരിന്റെ വികസന വിരുദ്ധ ശൈലിയില്‍ പ്രതിഷേധിച്ചാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ പ്രമുഖ നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരുന്നതെന്നാണ് ബിജെപി പറയുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നത് വലിയ ചർച്ചയാണ്. ഇതിന് പിന്നാലെയാണ് കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക് പോകുന്നെന്ന വാർത്തകളും പുറത്തുവന്നത്. പ്രമുഖ നേതാക്കളാണോ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുക എന്നാണ് കേരളം ഉറ്റുനോക്കുന്നത്.