തിരുവനന്തപുരം: ആണ്‍സുഹൃത്തിന്റെ വീട്ടില്‍ കടന്നുകയറിയ യുവതി ജീവനൊടുക്കി. തിരുവനന്തപുരത്താണ് സംഭവം. മുട്ടത്തറ കല്ലുമ്മൂട് സ്വദേശി കെ സിന്ധു(38)വാണ് ആണ്‍സുഹൃത്തായ അരുണ്‍ വി നായരുടെ വീട്ടില്‍ അതിക്രമിച്ച് കയറി കിടപ്പുമുറിയില്‍ കെട്ടിത്തൂങ്ങിയത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണ് സിന്ധു.
സിന്ധുവും അരുണും ഒരുമിച്ച് പഠിച്ചവരാണ്. അടുത്തിടെ നടന്ന പൂര്‍വവിദ്യാര്‍ത്ഥി സംഘമത്തില്‍ വെച്ചാണ് ഇരുവരും വീണ്ടും കണ്ടുമുട്ടുന്നത്. ഈ സൗഹൃദം പിന്നീട് കൂടുതല്‍ ശക്തമായി. പലരില്‍ നിന്നും പണം വാങ്ങി സിന്ധു അരുണിന് നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്. അടുത്തിടെയാണ് അരുണ്‍ വിവാഹിതനാകാന്‍ പോകുകയാണെന്ന് അറിഞ്ഞതാണ് സിന്ധുവിനെ പ്രകോപിപ്പിച്ചത്. ഇതോടെ അരുണുമായി സിന്ധു നിരന്തരം വഴക്കുണ്ടാക്കി. കഴിഞ്ഞ ദിവസം മണക്കാട് വെച്ച് അരുണിന്റെ കാറിന് മുന്നിലേക്ക് ചാടുകയും കാറില്‍ അതിക്രമിച്ച് കയറിയ സിന്ധു സീറ്റുകള്‍ കുത്തിക്കീറുകയും ചെയ്തിരുന്നു. ഇത് തടയാന്‍ ശ്രമിച്ച അരുണിനും കുത്തേറ്റിരുന്നു.
ഈ സംഭവത്തിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം സിന്ധു എസ്എന്‍ നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന അരുണിന്റെ വീട്ടിലെത്തിയത്. സംഭവസമയത്ത് അരുണോ അമ്മയോ വീട്ടിലുണ്ടായിരുന്നില്ല. ബന്ധു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വാതില്‍ തുറന്നതോടെ സിന്ധു കിടപ്പുമുറിയിലേക്ക് ഓടിക്കയറുകയായിരുന്നു. വാതിലടച്ചതോടെ ബന്ധു സമീപവാസികളെ വിളിച്ചുകൂട്ടി. എന്നാല്‍ വാതില്‍ തുറക്കുമ്പോഴേക്കും സിന്ധു ഫാനില്‍ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ അരുണിനെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സംഭവസ്ഥലത്തുനിന്നും ആത്മഹത്യ കുറിപ്പടക്കം ഒന്നും കണ്ടെത്താനായിട്ടില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.