തിരുച്ചിറപ്പള്ളി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) ഹോസ്റ്റലിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തം. ഹോസ്റ്റലിൽ വൈഫൈ ഇൻസ്റ്റാൾ ചെയ്യാനെത്തിയ ജി കതിരേശൻ മുറിയിൽ ഒറ്റയ്ക്കായിരുന്ന വിദ്യാർഥിനിക്ക് മുന്നിൽ നഗ്നതാ പ്രദർശനവും സ്വയംഭോഗവും നടത്തി. എന്നാൽ, ഈ വിവരം ഹോസ്റ്റൽ വാർഡനെ അറിയിച്ചപ്പോൾ വിദ്യാർഥിനിയുടെ വസ്ത്രധാരണത്തിൻ്റെ പ്രശ്നം കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നായിരുന്നു പ്രതികരണം. വ്യാഴാഴ്ച തന്നെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കതിരേശനെ പിടികൂടുന്നതിനോ പോലീസിൽ റിപ്പോർട്ട് ചെയ്യുന്നതിനോ ശ്രമിക്കാതെ വിദ്യാർഥിനിയുടെ വസ്ത്രധാരണത്തെക്കുറിച്ച് കുറ്റപ്പെടുത്താനാണ് വാർഡൻ ശ്രമിച്ചത്. വാർഡൻ്റെ കുറ്റപ്പെടുത്തലിൽ രോഷാകുലയായ വിദ്യാർഥിനി സമൂഹമാധ്യമങ്ങളിലൂടെ തനിക്കുണ്ടായ അനുഭവം തുറന്നുപറഞ്ഞു. ഇതോടെ 500ൽ അധികം വിദ്യാർഥികൾ എൻഐടി ക്യാമ്പസിൽ കുത്തിയിരുപ്പ് സമരം നടത്തുകയാണുണ്ടായതെന്ന് പോലീസ് പറഞ്ഞു.
വിദ്യാർഥികളുടെ സുരക്ഷയിൽ വീഴചവരുത്തുകയും ഇരയാക്കപ്പെട്ട പെൺകുട്ടിയെ കുറ്റപ്പെടുത്തുകയും ചെയ്ത വാർഡനെതിരെ നടപടി വേണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. എന്നാൽ സമരത്തിനിടെ കർശനമായ കർഫ്യൂ സമയം ഏർപ്പെടുത്തുമെന്ന് വാർഡൻ ഭീഷണിപ്പെടുത്തിയതോടെ സ്ഥിതിഗതികൾ വഷളായി. ശക്തമായ നടപടികൾ ഉണ്ടാകുന്നതുവരെ വിദ്യാർത്ഥികൾ പിരിഞ്ഞുപോകാൻ വിസമ്മതിച്ചതോടെ പ്രതിഷേധം രാത്രിയും തുടർന്നു.
വെള്ളിയാഴ്ച പുലർച്ചെ പോലീസ് സൂപ്രണ്ട് വി വരുൺ കുമാർ ഇടപെട്ട് വനിതാ ഹോസ്റ്റലിലെ സുരക്ഷാ വീഴ്ചകൾ പരിഹരിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെൻ്റിന് നിർദ്ദേശം നൽകുമെന്ന് വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകി. കുറ്റവാളിയെ അറസ്റ്റ് ചെയ്തതായും അദ്ദേഹം സമരക്കാരെ അറിയിച്ചു. തമിഴ്‌നാട് സ്ത്രീപീഡന നിരോധന നിയമത്തിലെ സെക്ഷൻ നാലും ഭാരതീയ ന്യായ് സൻഹിതയിലെ 332(3), 75(1) വകുപ്പുകളും പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത് .
എൻഐടി ട്രിച്ചി ഡയറക്ടർ ജി അഖില പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ കാണുകയും കൂടുതൽ കർശനമായ സുരക്ഷാ നടപടികൾ നടപ്പിലാക്കുമെന്ന് വാഗ്ദാനം നൽകുകയും പ്രതിഷേധത്തിൻ്റെ പേരിൽ ഒരു ശിക്ഷാ നടപടിയും സ്വീകരിക്കില്ലെന്ന് സമരക്കാർക്ക് ഉറപ്പുനൽകുകയും ചെയ്തു. എൻഐടി വാർഡനെതിരെ വിദ്യാർഥികൾ പരാതി നൽകിയാൽ നിയമനടപടി സ്വീകരിക്കുമെന്ന് കലക്ടർ വ്യക്തമാക്കി.