താരസംഘടന അമ്മ സംഘടന ട്രേഡ് യൂണിയന്‍ ഉണ്ടാക്കുമെന്നത് ഒരിക്കലും നടക്കാത്ത കാര്യമെന്ന് നടന്‍ ജോയ് മാത്യു. അമ്മ ചലച്ചിത്ര താരങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും തുല്യവേതനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒരിക്കലും നടപ്പിലാക്കാന്‍ സാധിക്കാത്തതിനാല്‍ തന്നെ അമ്മയില്‍ ട്രേഡ് യൂണിയന്‍ എന്നത് ഒരിക്കലും പ്രായോഗികമല്ലെന്ന് ജോയ് മാത്യു പറഞ്ഞു. ട്രേഡ് യൂണിയന്‍ അല്ല വെല്‍ഫയര്‍ സംഘടന മാത്രമെന്ന് ബൈലോയില്‍ തന്നെ പറയുന്ന സംഘടനയാണ് അമ്മയെന്നും വിപണി മൂല്യമുള്ള താരങ്ങള്‍ക്കും ആളുകള്‍ക്കും കൂടുതല്‍ പ്രതിഫലമുണ്ടാകുമെന്ന് മനസിലാക്കണമെന്നും ജോയ് മാത്യു പറഞ്ഞു. ട്വന്റിഫോറിന്റെ സംവാദ പരിപാടിയായ എന്‍കൗണ്ടറിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആരെങ്കിലും ട്രേഡ് യൂണിയനുമായി മുന്നോട്ടുപോകുന്നതില്‍ എതിര്‍പ്പില്ല. അവര്‍ ചെയ്‌തോട്ടെ. പക്ഷേ അമ്മ ട്രേഡ് യൂണിയന്‍ ഉണ്ടാക്കുകയെന്നത് അസംഭവ്യമായ കാര്യമാണ്. ജോയ് മാത്യു പറഞ്ഞു. അമ്മയെ തകര്‍ക്കാന്‍ ആരും ശ്രമിക്കരുത്. സിനിമ ഒരു ഫാക്ടറിയോ കമ്പനിയോ അല്ലെന്ന് മനസിലാക്കണം. നിര്‍മാതാവ് ഒരു സിനിമ ഉണ്ടാക്കുന്നത് അത് നല്ല രീതിയില്‍ വിറ്റഴിക്കപ്പെടാന്‍ കൂടിയാണ്. ഒരു സിനിമ പുറത്തിറക്കാന്‍ വേണ്ടിയുണ്ടാക്കുന്ന താത്ക്കാലിക സംവിധാനം മാത്രമാണ് സിനിമാ നിര്‍മാണം. അപ്പോള്‍ ആര്‍ക്കെങ്കിലും വേതനം പൂര്‍ണമായി ലഭിക്കാതിരിക്കുകയാണെങ്കില്‍ ഇടപെടാമെങ്കിലും തുല്യവേതനം എന്നത് സിനിമയില്‍ ഒട്ടും നടക്കാത്ത കാര്യമാണെന്നും ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.
ഇരുപതിലേറെ താരങ്ങള്‍ ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ ഫെഫ്കയെ സമീപിച്ചെന്നായിരുന്നു ഇന്നുവന്ന റിപ്പോര്‍ട്ട്. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമാനമായി ട്രേഡ് യൂണിയന്‍ രൂപീകരിക്കാനായി അമ്മയിലെ താരങ്ങള്‍ ഫെഫ്കയെ സമീപിച്ചെന്ന് ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ സ്ഥിരീകരിച്ചിരുന്നു.