മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തിൽ പ്രതികളായ പൊലീസുകാരുടെ തിരിച്ചറിയല്‍ പരേഡ് വീണ്ടും നടത്തും. വ്യാഴാഴ്ച വൈകിട്ട് മൂന്നിനാണ് തിരിച്ചറിയൽ പരേഡ് നടത്തുക. കാക്കനാട് ജില്ലാ ജയിലിലാണ് തിരിച്ചറിയല്‍ പരേഡ്. കഴിഞ്ഞയാഴ്ച നടന്ന തിരിച്ചറിയല്‍ പരേഡിന് ഹാജരാകാന്‍ കഴിയാത്ത സാക്ഷികള്‍ക്കായാണ് വീണ്ടും തിരിച്ചറിയല്‍ പരേഡ് നടത്തുന്നത്. സിബിഐയുടെ ആവശ്യം പരിഗണിച്ചാണ് തിരിച്ചറിയല്‍ പരേഡിന് അനുമതി. എറണാകുളം സിജെഎം കോടതിയാണ് അനുമതി നൽകിയത്.
ഇതിനിടെ താമിര്‍ ജിഫ്രിയുടെ പേരില്‍ പൊലീസ് വ്യാജ ഒപ്പിട്ടുവെന്ന് കണ്ടെത്തിയിരുന്നു. മരിച്ച ശേഷമാണ് താമിര്‍ ജിഫ്രിയുടെ പേരില്‍ താനൂര്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് വ്യാജ ഒപ്പിട്ടത്. ഇന്‍സ്‌പെക്ഷന്‍ മെമ്മോയിലാണ് ഒപ്പിട്ടത്. ഇന്‍സ്‌പെക്ഷന്‍ മെമ്മോയുടെ പകര്‍പ്പ് ‘റിപ്പോര്‍ട്ടറി’ന് ലഭിച്ചു. കസ്റ്റഡയില്‍ കൊല്ലപ്പെട്ടതിനുശേഷം താമിറിനെ പ്രതിയാക്കി പൊലീസ് എഫ്‌ഐആര്‍ ഇട്ടിരുന്നു. എഫ്‌ഐആര്‍ ഇടാന്‍ പറഞ്ഞത് ഡിവൈഎസ്പി ബെന്നി ആണെന്ന് എന്ന് എസ്‌ഐ കൃഷ്ണ ലാല്‍ റിപ്പോര്‍ട്ടറിനോട് വെളിപ്പെടുത്തിയിരുന്നു. ഇതേ സമയത്താണ് വ്യാജ ഒപ്പിട്ട് ഇന്‍സ്‌പെക്ഷന്‍ മെമോ തയ്യാറാക്കിയതും. താനൂര്‍ കസ്റ്റഡിക്കൊലപാതകത്തില്‍ അന്വേഷണം ഉന്നതരിലേക്കെന്ന സൂചന ലഭിക്കുന്നതിനിടെയാണ് പുതിയ തെളിവ് പുറത്തുവരുന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയാണ് താനൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ വെച്ച് താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്. ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലേ കസ്റ്റഡി കൊലയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന സംശയം ഉയര്‍ന്നിരുന്നു.