രജനികാന്തിനെ നായകനാക്കി ടി ജെ ജ്ഞാനവേൽ ഒരുക്കുന്ന പുതിയ ചിത്രത്തിലെ താരനിര ഇന്നറിയാം. ‘തലൈവർ 170’എന്ന് താൽകാലികമായി പേര് നൽകിയ ചിത്രം സൂപ്പർസ്റ്റാർ രജനികാന്തിന്റെ കരിയറിലെ 170-ാം ചിത്രമായാണ് ഒരുങ്ങുന്നത്. വമ്പൻ താരനിര സിനിമയുടെ ഭാഗമാണെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ട്.
ചിത്രത്തിൽ ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, അമിതാഭ് ബച്ചൻ, നാനി തുടങ്ങിയവർ അഭിനയിക്കുമെന്നാണ് റിപ്പോർട്ട്. താരനിര ഇന്നറിയിക്കുമെന്നാണ് ലൈക്ക പ്രൊഡക്ഷൻസ് അറിയിക്കുന്നത്. ഇതുവരെ രണ്ട് താരങ്ങളെ നിർമ്മാണ കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ദുഷാര വിജയൻ, റിതിക സിങ് എന്നിവർ ചിത്രത്തിന്റെ ഭാഗമാണെന്നാണ് ലൈക്ക അറിയിച്ചിരിക്കുന്നത്. വൈകുന്നേരത്തോടെ പൂർണ്ണ വിവരം അറിയാം.
രജനികാന്തും സംഘവും തലൈവർ 170യുടെ ചിത്രീകരണത്തിനായി ചൊവ്വാഴ്ച മുതൽ കേരളത്തിലുണ്ടാകും . ഒക്ടോബർ മൂന്ന് മുതൽ പത്ത് ദിവസമാണ് തിരുവനന്തപുരത്തെ ചിത്രീകരണം.
ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. രജനിയുടെ വരവ് ആരാധകരെ ഹരം കൊള്ളിക്കുമെന്നതിനാൽ ശക്തമായ സുരക്ഷാ സംവിധാനമാകും ഏർപ്പെടുത്തുക. നാഗർകോവിൽ, കന്യാകുമാരി എന്നിവിടങ്ങളും സിനിമയുടെ ലൊക്കേഷനാണ്.
