തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കരയില്‍ ഭിന്നശേഷിക്കാരുടെ ഹോസ്റ്റലിലാണ് രണ്ട് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോളറ ബാധിതരുടെ എണ്ണം മൂന്നായി.
രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. സംസ്ഥാനത്ത് ഈ മാസം നാല് കോളറ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗം പകരുന്നതെങ്ങനെ?
ജലത്തിലൂടെ പകരുന്ന രോഗമാണ് കോളറ. വിബ്രിയോ കോളറേ എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗാണു ശരീരത്തിലെത്തുന്നത്. ശരീരത്തില്‍ കടക്കുന്ന ബാക്ടീരിയ ‘കോളറാ ടോക്സിന്’ എന്ന വിഷവസ്തു ഉത്പാദിപ്പിക്കും. ഈ വിഷവസ്തുവാണ് വയറിളക്കത്തിന് കാരണമാകുന്നത്. മനുഷ്യരുടെ മലവിസര്‍ജ്ജനം വഴി പുറത്തെത്തുന്ന ഈ ബാക്ടീരിയകള്‍ കുടിവെള്ളത്തില്‍ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യും. ഈച്ചയും ഈ രോഗം പരത്തുന്നതില്‍ പ്രധാനപങ്ക് വഹികുന്നുണ്ട്. ബാക്ടീരിയ ശരീരത്തില്‍ എത്തിക്കഴിഞ്ഞാല്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍ 12 മണിക്കൂര്‍ മുതല്‍ 5 ദിവസം വരെ എടുക്കും. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കാം.