India News

തമിഴ്നാട്ടിൽ ഓർഡർ ചെയ്ത സാധനങ്ങൾ ഡെലിവറി ചെയ്യാൻ വൈകിയതിന് അധിക്ഷേപം നേരിട്ടതിന് പിന്നാലെ യുവാവ് ജീവനൊടുക്കി.

ചെന്നൈ: തമിഴ്നാട്ടിൽ ഓർഡർ ചെയ്ത സാധനങ്ങൾ ഡെലിവറി ചെയ്യാൻ വൈകിയതിന് അധിക്ഷേപം നേരിട്ടതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. പവിത്രൻ (19) ആണ് മരിച്ചത്. യുവാവിനെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

സാധനങ്ങൾ ഡെലിവറി ചെയ്യാൻ വൈകിയെന്നും കസ്റ്റമർ അധിക്ഷേപിച്ചതിൽ മനം നൊന്താണ് ആത്മ​ഹത്യ ചെയ്യുന്നതെന്നും കത്തിൽ പറയുന്നുണ്ട്. ഇത്തരം സ്ത്രീകൾ ഉള്ളിടത്തോളം കാലം ഇനിയും മരണങ്ങൾ സംഭവിക്കുമെന്നും യുവാവ് കത്തിൽ കുറിച്ചിട്ടുണ്ട്. ബികോം വിദ്യാർത്ഥിയായിരുന്നു പവിത്രൻ.

സെപറ്റംബർ 11നായിരുന്നു സംഭവം. കൊരട്ടൂർ ഭാ​ഗത്ത് ഡെലിവറിക്കെത്തിയതായിരുന്നു യുവാവ്. വീട് കണ്ടെത്താൻ പ്രയാസം അനുഭവപ്പെട്ടതോടെ ഡെലിവറി ചെയ്യാൻ വിചാരിച്ചതിലും സമയം വൈകി. ഇതോടെ കസ്റ്റമർ യുവാവിനോട് മോശമായി പെരുമാറുകയായിരുന്നു. പിന്നാലെ സേവനത്തെകുറിച്ച് പരാതി നൽകുകയും ചെയ്തു.

രണ്ട് ദിവസങ്ങൾക്ക് ശേഷം പവിത്രൻ പ്രസ്തുത കസ്റ്റമറിന്റെ വസതിയിലെത്തുകയും വീടിന് നേരെ കല്ലെറിയുകയുമായിരുന്നു. ഇതോടെ ഇവർ യുവാവിനെതിരെ പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ ബുധനാഴ്ചയാണ് യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Related Posts

Leave a Reply