ചെന്നൈ: തമിഴ്‌നാട്ടിലെ ടാറ്റ ഇലക്‌ട്രോണിക്‌സ് ഫാക്ടറിയിൽ തീപിടിത്തം. ഫാക്ടറിയുടെ കെമിക്കൽ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെയായിരുന്നു സംഭവം. സംഭവത്തിൽ ആളപായമോ പരിക്കോ ഉണ്ടായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ഹൊസൂരിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമായി ഏഴ് അഗ്നിശമന സേനാ യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. രാവിലെ ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. ജീവനക്കാർ സുരക്ഷിതരാണെന്നും തീപിടിത്തത്തിന് കാരണമെന്താണെന്ന് അന്വേഷിച്ചു വരികയാണെന്നും കമ്പനി അറിയിച്ചു.
പ്ലാൻ്റിലെ എമർജൻസി പ്രോട്ടോക്കോളുകൾ ഉറപ്പാക്കി. ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും ടാറ്റ ഇലക്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു.