ഇനിയും വിവാഹിതനാകുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾക്കകമാണിപ്പോൾ തന്റെ നാലാമത്തെ ജീവിതസഖിയായി മുറപ്പെണ്ണ് കോകിലയെ നടൻ ബാല വിവാഹം ചെയ്യുന്നത്. മുന്‍ഭാര്യ അമൃത സുരേഷുമായിട്ടുള്ള പ്രശ്‌നങ്ങള്‍ നടക്കുന്നതിനിടെയാണ് ബാല വീണ്ടും വിവാഹിതനായിരിക്കുന്നത്. ഒരുകാലത്ത് വില്ലനായും നായകനായും സഹനടനായുമെല്ലാം മലയാളത്തിൽ സജീവമായിരുന്ന ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന യുവനടനായിരുന്നു ബാലകുമാർ എന്ന നടൻ ബാല. ബിഗ് ബി, സാഗർ ഏലിയാസ് ജാക്കി,എസ്എംഎസ്, പുതിയമുഖം തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലയ്ക്ക് കോളേജ് പെൺകുട്ടികളുടെ മനസിൽ ഇടംപിടിക്കാൻ സാധിച്ചിട്ടുണ്ട്. പിന്നീട് തന്റെ ജീവിതത്തിലെ താളപ്പിഴകൾ ബാലയുടെ കരിയറിനെയും ബാധിച്ചു. ബാല സിനിമയിൽ ഒരു നല്ല വേഷം ചെയ്തിട്ട് കാലം കുറച്ചായി. ഒരു പക്ഷെ നടന്റെ പ്രൊഫഷണൽ ലൈഫിനെക്കാൾ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ചർച്ച ചെയ്തത് അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരിക്കും. അതിൽ ഒന്നാണ് ബാലയുടെ വിവാഹജീവിതം. സിനിമകഥകൾ പോലെ അതിലുമുണ്ടായിരുന്നു ട്വിസ്റ്റുകൾ.
തമിഴ്നാട്ടിലെ പ്രശസ്തമായ സിനിമാ കുടുംബത്തിൽ ജനിച്ച ബാല ഐഡിയ സ്റ്റാർ സിംഗർ മുഖമായ അമൃത സുരേഷിനെ വിവാഹം ചെയ്തതിന് ശേഷമാണ് കേരളത്തിൽ കുറച്ചുകൂടി സജീവമായി തുടങ്ങിയത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.ആ ബന്ധത്തിൽ ഒരു കുഞ്ഞ് പിറന്നശേഷം ഇരുവരും വേർപിരിഞ്ഞു. എന്നാൽ അമൃതയ്ക്ക് മുന്നേ ബാല ചന്ദന സദാശിവ എന്ന കന്നഡ സ്വദേശിനിയെയാണ് ആദ്യം വിവാഹം ചെയ്യുന്നത്. ഇത് മറച്ചുവെച്ചായിരുന്നു ബാല അമൃതയെ സ്വന്തമാക്കിയതും. നിയമപരമായല്ല ബാലയുടെ ആദ്യ വിവാഹം നടന്നിരുന്നത്. അതുകൊണ്ടുതന്നെ ചന്ദന സദാശിവയെ ക്കുറിച്ച് കൂടുതൽ വിവരങ്ങളോ ചർച്ചകളോ ഉണ്ടായിട്ടില്ല. അമൃത പോലും വിവാഹത്തിന് തൊട്ടുമുന്നേയാണ് ഈ വിവരം അറിഞ്ഞിരുന്നത് എന്നുള്ളതാണ് മറ്റൊരു വസ്തുത.അമൃത തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പരാമർശിച്ചിട്ടുള്ളത്. ബാലയുമായുള്ള അമൃതയുടെ വിവാഹനിശ്ചയത്തിനുശേഷം പിതാവിന്റെ സുഹൃത്താണ് ബാല മുമ്പ് വിവാഹം കഴിച്ചിട്ടുണ്ടെന്ന വിവരം കുടുംബത്തെ അറിയിച്ചത് പോലും. എന്നാൽ ആ സമയത്ത് ബാലയോടുള്ള അമൃതയുടെ സ്നേഹം വിവാഹം കഴിക്കാമെന്ന തീരുമാനത്തിലെത്തിക്കുകയായിരുന്നു.