പാലക്കാട്: തനിക്ക് പാലക്കാട് മാത്രമാണ് വോട്ടുള്ളതെന്ന് വ്യക്തമാക്കി പാലക്കാട്ടെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്റെ ഭാര്യയും ഡോക്ടറുമായ സൗമ്യ സരിന്‍. തന്റെ വോട്ട് മണ്ണാര്‍ക്കാട് നിന്ന് മാറ്റിയിട്ട് വര്‍ഷങ്ങളായി. സരിന് ഒറ്റപ്പാലത്തും വോട്ടില്ല. പാലക്കാട് വീടുള്ളിടത്തോളം കാലം പാലക്കാട്ടെ വോട്ടറായിരിക്കും. അതില്‍ മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്‌നമെന്നും റിപ്പോര്‍ട്ടറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സൗമ്യ സരിന്‍ പറഞ്ഞു.
പാലക്കാട് ഇരട്ടവോട്ട് ഉള്ളവര്‍ ഉണ്ടാകാം. എന്നാല്‍ അതുമായി തങ്ങളുടെ വിഷയം കൂട്ടിക്കലര്‍ത്തിയെന്ന് സൗമ്യ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യാജ എന്ന് വിളിച്ചപ്പോള്‍ വിഷമമായി എന്നത് ശരിയാണ്. തനിക്ക് പാലക്കാടാണ് വോട്ട് എന്ന കാര്യം അവര്‍ക്ക് കൃത്യമായി അറിയാം. എന്നാല്‍ വിവാദത്തിലേക്ക് തന്നെ അനാവശ്യമായി വലിച്ചിഴച്ചു. പാലക്കാട് ജനിച്ചു വളര്‍ന്ന ആളാണ് താന്‍. പാലക്കാട് ഏറെ ആഗ്രഹിച്ചാണ് വീടുവാങ്ങിയത്. അത് രഹസ്യമായിട്ടുള്ള കാര്യമല്ല. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ എല്ലാക്കാര്യങ്ങളും വ്യക്തമാക്കിയിട്ടുള്ളതാണ്. നിലവില്‍ ഷാര്‍ജയിലാണ് താന്‍ താമസിക്കുന്നത്. നാലോ അഞ്ചോ വര്‍ഷം കഴിഞ്ഞ് എന്താണ് അവസ്ഥ എന്നറിയില്ല. അതനുസരിച്ച് വോട്ട് മാറ്റേണ്ടി വന്നേക്കാമെന്നും സൗമ്യ വ്യക്തമാക്കി.
തനിക്ക് ഒരു പാര്‍ട്ടിയോടും പ്രത്യേക താത്പര്യമില്ലെന്നും സൗമ്യ പറഞ്ഞു. തെറ്റാണ് ചെയ്യുന്നതെന്ന് ബോധ്യമുണ്ടെങ്കിലും ന്യായീകരിക്കേണ്ട സാഹചര്യം വരാം. സോഷ്യല്‍ മീഡിയയില്‍ അടക്കം അതാണ് കാണുന്നത്. തനിക്ക് ശരിയെന്ന് തോന്നുന്ന വിഷയങ്ങള്‍ സ്വതന്ത്രമായി സംസാരിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് താന്‍. അനാവശ്യ ശത്രുത ആരുമായി വെയ്ക്കാറില്ലെന്നും സൗമ്യ കൂട്ടിച്ചേര്‍ത്തു.