തദ്ദേശ വാർഡ് വിഭജന ബില്ലിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചു. ഇതുപ്രകാരം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് വീതം കൂടും. ചർച്ച കൂടാതെ പാസാക്കിയ ബില്ലിൽ ഒപ്പിടരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തള്ളിയാണ് ഗവര്‍ണര്‍ ബില്ലിൽ ഒപ്പുവച്ചിരിക്കുന്നത്.
ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാർഡ് വീതം കൂട്ടാനാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡുകളുടെ എണ്ണം കൂട്ടാൻ നിയമസഭ നേരത്തെ ബില്ല് പാസാക്കിയിരുന്നു. ഇതിനെതിരെ ഗവർണർക്ക് പ്രതിപക്ഷം കത്തുനൽകിയെങ്കിലും അവഗണിച്ചാണ് ഗവർണറുടെ നിലപാട്.
സംസ്ഥാന തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായി ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച് സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാനാണ് കമ്മീഷൻ ചെയർമാൻ. ഐഎഎസ് ഉദ്യോഗസ്ഥരായ രത്തൻ ഖേൽക്കർ, കെ ബിജു, എസ് ഹരികിഷോർ, കെ വാസുകി എന്നിവരാണ് അംഗങ്ങൾ.