ചെങ്കോട്ടയ്ക്ക് സമീപത്തെ ഫുട്പാത്തിൽ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. വ്യത്യസ്ത മതത്തിൽ പെട്ടവനാണെന്ന് മനസ്സിലാക്കി അതേ ദിവസം തന്നെ ഉപേക്ഷിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയി ഒരു ദിവസത്തിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്.
ഡൽഹിയിലെ കൃഷ്ണ നഗറിൽ താമസിക്കുന്ന രചന ദേവിയാണ് പൊലീസ് പിടിയിലായത്. ഈ മാസം ഏഴിനാണ് കുട്ടിയെ കാണാതായത് പരാതി ലഭിച്ചത്. കുട്ടിയുടെ അമ്മ റുക്സാനയാണ് പൊലീസിനെ സമീപിച്ചത്. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ അന്വേഷണം ആരംഭിച്ചിരുന്നു. പരിശോധനയ്ക്കിടെ നവംബർ എട്ടിന് ശാസ്ത്രി പാർക്കിലെ ഒബ്സർവേഷൻ ഹോമിൽ കുട്ടിയെ കണ്ടതായി പോലീസിന് വിവരം ലഭിച്ചു. തുടർന്ന് കുട്ടിയെ കണ്ടെത്തി കൗൺസിലിംഗ് നടത്തി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം അമ്മയെ ഏൽപ്പിച്ചതായി പോലീസ് പറഞ്ഞു.
എന്നാൽ തട്ടിക്കൊണ്ടുപോയ യുവതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഏകദേശം 400 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം, പ്രദേശത്ത് ഏറെ നേരം അലഞ്ഞുതിരിയുന്ന സ്ത്രീയെ സംശായസ്പദമായി കണ്ടെത്തുകയായിരുന്നു. സ്ത്രീ കുട്ടിയെ എടുത്തുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിക്കുകയും ചെയ്തു. പിന്നാലെ ഇവരെ തിരിച്ചറിയുകയും ഈആ മാസം 12ന് അറസ്റ്റ് ചെയ്യുകയും ആയിരുന്നു.
തനിക്ക് രണ്ട് പെൺമക്കളുണ്ടെന്നും ഒരു മകനെ വേണമെന്നും എന്നാൽ ഒരു കുട്ടിയെ ഗർഭം ധരിക്കാൻ സാധിച്ചില്ലെന്നും ചോദ്യം ചെയ്യലിൽ അവർ പോലീസിനോട് പറഞ്ഞു. അതിനായിട്ടാണ് ഒരു ആൺകുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് യുവതി പറയുന്നു. കുട്ടിയെ വീട്ടിൽ കൊണ്ടുവന്നപ്പോഴാണ് കുട്ടി മറ്റൊരു മതത്തിൽപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു.