Kerala News

തടിലോറിയ്ക്കടിയില്‍പ്പെട്ട കാറില്‍ ഡ്രൈവര്‍ കുടുങ്ങിക്കിടന്നത് ഒരു മണിക്കൂറോളം; കൂട്ടായ പരിശ്രമത്തിനൊടുവില്‍ നജീബിന് പുതുജീവിതം

തടി ലോറിക്കടിയില്‍പ്പെട്ട കാറില്‍ ഒരുമണിക്കൂറോളം കുടുങ്ങിക്കിടന്നയാളെ രക്ഷപ്പെടുത്തി. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ കോവില്‍ക്കടവില്‍ ആണ് സംഭവം. തടിലോറിയ്ക്കടിയില്‍പെട്ട കാഞ്ഞിരപ്പള്ളി സ്വദേശി കൊല്ലപുരയിടത്തില്‍ നജീബാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. നജീബ് യാത്ര ചെയ്തിരുന്ന കാറിന് മുകളിലേയ്ക്ക് തടി ലോറി ചരിയുകയായിരുന്നു. കാര്‍ മുഴുവനായും ലോറിയുടെ അടിയിലായി.

ഫയര്‍ഫോഴ്‌സ് എത്തി ജെസിബിയുടെ സഹായത്തോടെ ലോറി ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. തുടര്‍ന്ന് കയര്‍പൊട്ടിച്ച് തടികള്‍ മാറ്റി ലോറി ഉയര്‍ത്തുകയായിരുന്നു. കാറിന്റെ തകിട് മുറിച്ചാണ് നജീബിനെ വാഹനത്തില്‍ നിന്ന് പുറത്തെടുത്തത്. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് നജീബിനെ പുറത്തെടുക്കാനായത്. നജീബിനെ പിന്നീട് ആശുപത്രിയിലേയ്ക്ക് മാറ്റി.

നജീബിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. തടിലോറി ഉയര്‍ത്താന്‍ ശ്രമിക്കുന്നതിന്റേയും കാര്‍ മുറിച്ച് നജീബിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റേയും ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.

Related Posts

Leave a Reply