മുംബൈ: ഡൽഹി വിമാനത്താവളത്തിൽ വ്യാജ മനുഷ്യബോംബ് ഭീഷണി. ശരീരത്തിൽ ബോംബ് ധരിച്ച യുവതി യാത്ര ചെയ്യുന്നുണ്ട് എന്നായിരുന്നു സന്ദേശം. മുംബൈ-ഡൽഹി വിമാനത്തിൽ യാത്ര ചെയ്യുന്ന യുവതിയുടെ കയ്യിൽ 90 ലക്ഷം രൂപയുണ്ടെന്നും സന്ദേശത്തിലുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സന്ദേശം വ്യാജമാണെന്നും അന്ധേരി സ്വദേശിയായ യുവതിയുടെ മരുമകനാണ് ഇതിന് പിന്നിലെന്നും കണ്ടെത്തുകയായിരുന്നു.
വെള്ളിയാഴ്ചയായിരുന്നു സന്ദേശം ലഭിച്ചത്. 90 ലക്ഷം രൂപയുമായി ആൺസുഹൃത്തിനെ കാണാൻ യുവതി സഞ്ചരിക്കുന്നുണ്ട് എന്ന സന്ദേശം പുലർച്ചെ 1.30യോടെ ഡൽഹിയിലെ എയർപോർട്ട് കൺട്രോൾ റൂമിന് ലഭിക്കുന്നത്. മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുന്ന യുവതി അവിടെ നിന്നും ഉസ്ബെക്കിസ്ഥാനിലേക്ക് പോകുമെന്നായിരുന്നു അറിയിപ്പ്. ഉടനെ തന്നെ അറിയിപ്പ് മുംബൈയിലെ അധികാരികൾക്ക് കൈമാറി.
വെള്ളിയാഴ്ച പുലർച്ചെ ഡൽഹിയിലേക്ക് ടിക്കറ്റ് എടുത്തവരുടെ ലിസ്റ്റ് കേന്ദ്രീകരിച്ച് നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ഫോൺകോൾ അനുസരിച്ച് സഹർപൊലീസ് അന്ധേരിയിലെ വിലാസത്തിൽ നടത്തിയ അന്വേഷണം പിന്നീട് അറുപതുകാരിയിലേക്കെത്തുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുടുംബപ്രശ്നങ്ങളുണ്ടെന്നും മകളുടെ ഭർത്താവാണ് വ്യാജ സന്ദേശത്തിന് പിന്നിലെന്നും കണ്ടെത്തിയത്.
നിരവധി വ്യാജ ബോംബ് സന്ദേശങ്ങളാണ് വിവിധ വിമാന സർവീസുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച മാത്രം 50ലധികം ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്