Kerala News

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം, ഇന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായി മന്ത്രിയുടെ ചർച്ച

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിൽ ഇന്ന് നിർണായക യോഗം. ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായുള്ള ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ വൈകുന്നേരം മൂന്ന് മണിക്ക് ചർച്ച നടത്തും. പരിഷ്കാരത്തിൽ ഇളവുകൾ ഉണ്ടായില്ലെങ്കിൽ ഡ്രൈവിംഗ് സ്കൂൾ ഉടമകൾ പ്രതിഷേധം തുടർന്നേക്കും.

രണ്ടാഴ്ചയിലധികമായി തുടരുന്ന പ്രശ്നത്തിലാണ് മന്ത്രി ഇന്ന് ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. സിപിഐഎമ്മിന്റെ ഭാഗത്തുനിന്ന് ഉൾപ്പെടെയുള്ള എതിർപ്പാണ് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിൽ ഉണ്ടായത്. ഒത്തുതീർപ്പിലേക്ക് സ്റ്റിയറിങ് തിരിക്കാനാണ്, വിദേശത്തുനിന്നും മടങ്ങിയെത്തിയ മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ ശ്രമം. ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ മുഴുവൻ സംഘടനാ ഭാരവാഹികളെയും മന്ത്രി ചർച്ചയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ ഗതാഗത മന്ത്രിയുടെ ചേമ്പറിലാണ് നിർണായക ചർച്ച.

തുടക്കം മുതൽ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ് സംഘടനകൾ. വിവാദ സർക്കുലർ പിൻവലിക്കണം എന്നതാണ് ആവശ്യം. എന്നാൽ ഇളവുകൾ അനുവദിച്ചാലും സമരസമിതി വഴങ്ങിയേക്കും. മന്ത്രിയുടെ ഭാഗത്തു നിന്ന് വിട്ടുവീഴ്ചയില്ലെങ്കിൽ പ്രതിഷേധം ഇനിയും കടുക്കും.ചർച്ചയ്ക്ക് പോലുമില്ല എന്ന നിലപാടിൽ അയവുവരുത്തിയാണ് ഗതാഗത മന്ത്രിയുടെ ഓഫീസ് എല്ലാ സംഘടനകളും ആയുള്ള ചർച്ചക്ക് തയ്യാറായത്. പ്രതിഷേധത്തിനിടെ കഴിഞ്ഞദിവസം സംസ്ഥാനത്തൊട്ടാകെ 274 ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നിരുന്നു.

Related Posts

Leave a Reply