ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തെരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേക്ക്. നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക് ഷിരൂരിലെ ഗംഗാവലി നദിയിൽ ഇറങ്ങാൻ അനുകൂല സാഹചര്യം ഇല്ലാത്ത സാഹചര്യമാണ്. വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഗംഗാവലി നദിയിൽ നീരൊഴുക്ക് കുറഞ്ഞിട്ടില്ല. അടിയൊഴുക്കും ശക്തമായി തുടരുകയാണ്. ബോട്ടുകൾ നിലയുറപ്പിച്ചു നിർത്താൻ പോലും കഴിയാത്തതിനാൽ ഡൈവേഴ്സിന് നദിയിൽ ഇറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. മുങ്ങൽ വിദഗ്ധർക്കായി ഫ്ലോട്ടിങ് പ്രതലം ഉൾപ്പെടെ തയ്യാറാക്കാൻ ആലോചനയുണ്ട്. അടുത്ത മൂന്ന് ദിവസവും ഉത്തര കന്നഡ ജില്ലയിൽ ഓറഞ്ച് അലർട്ടാണ്.
അർജുൻ സഞ്ചരിച്ച ട്രക്കിന്റെ ചിത്രം ഗംഗാവലിപ്പുഴയിലെ ഡ്രോൺ പരിശോധനയിൽ ലഭിച്ചെന്ന് കൻവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ മാധ്യമങ്ങളോട് പറഞ്ഞു.ചെരിഞ്ഞ നിലയിലാണ് ട്രക്കെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. റഡാർ, സോണൽ സിഗ്നലുകൾ കണ്ട സ്ഥലത്ത് നിന്നാണ് ട്രക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്. കനത്ത മഴയും പുഴയിലെ അടിയൊഴുക്കും രക്ഷാപ്രവർത്തനത്തിന് തടസമായിരിക്കുകയാണ്. തിരച്ചിൽ ദിവസങ്ങളോളം നീളുമോയെന്ന ആശങ്കയുണ്ട്.
അതേസമയം എന്ത് പ്രതിസന്ധിയുണ്ടായാലും ലക്ഷ്യത്തിലേക്കുള്ള ശ്രമം തുടരാൻ തീരുമാനിച്ചുവെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസും മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഷിരൂരിൽ ചേർന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ പ്രതികൂലമായതിനാൽ നേവിക്ക് പോലും ചില പ്രതിസന്ധിയുണ്ടായി. കളക്ടറും ശ്രമം തുടരാൻ നേവിയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. . ഇന്നലെ എത്തിയ മന്ത്രി മുഹമ്മദ് റിയാസ് ഷിരൂരിൽ തുടരുകയാണ്. മന്ത്രി എ കെ ശശീന്ദ്രനും ഇന്ന് എത്തും.