Sports

ഡ്യൂറൻഡ് കപ്പിൽ ഇന്ന് സതേൺ ഡെർബി; കേരള ബ്ലാസ്റ്റേഴ്സ് ബെം​ഗളൂരു എഫ്സിയെ നേരിടും

ഇതുവരെ 13 തവണ ഇരുടീമുകളും ഏറ്റുമുട്ടിയതിൽ എട്ടിലും ജയം ബെം​ഗളൂരുവിനായിരുന്നു

കൊൽക്കത്ത: ഡ്യൂറൻഡ് കപ്പിൽ ബെം​ഗളൂരു എഫ്സിക്കും കേരള ബ്ലാസ്റ്റേഴ്സിനും ഇന്ന് ജയം അനിവാര്യം. കൊല്‍ക്കത്തയിലെ കിഷോര്‍ ഭാരതി ക്രിരംഗന്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് ആറ് മണിക്ക് നടക്കുന്ന മത്സരത്തിൽ ഇരുടീമുകളും ഏറ്റുമുട്ടും. ഇന്ത്യൻ എയർ ഫോഴ്സിനെതിരായ ആദ്യ മത്സരം സമനിലയിൽ ആയതോടെ ഒരു പോയിന്റുള്ള ബെം​ഗളൂരു ​ഗ്രൂപ്പിൽ രണ്ടാമതാണ്. ​ആദ്യ മത്സരത്തിൽ ​ഗോകുലത്തോട് തോറ്റ കേരളം നാലാം സ്ഥാനത്തും. രണ്ട് മത്സരങ്ങളും ജയിച്ച ​ഗോകുലം എഫ്സിയാണ് ​ഗ്രൂപ്പിൽ ഒന്നാമത്. ക്വാർട്ടർ ഫൈനൽ ലക്ഷ്യമിടുന്ന ബ്ലാസ്റ്റേഴ്സിനും ബെം​ഗളൂരുവിനും ഇനിയുള്ള രണ്ട് മത്സരങ്ങളിലും ജയം അനിവാര്യമാണ്. പ്രതിരോധത്തിൽ പിഴവുകൾ വരുത്തിയതാണ് ആദ്യ മത്സരത്തിൽ ബെം​ഗളൂരു സമനില വഴങ്ങാൻ കാരണം. മത്സരത്തിന്റെ 20-ാം മിനിറ്റിൽ തന്നെ എയർഫോഴ്സ് ടീം മുന്നിലെത്തിയിരുന്നു. മത്സരത്തിലേക്ക് തിരികെ വരാൻ ബെം​ഗളൂരു ന‌ടത്തിയ ശ്രമങ്ങൾ 58-ാം മിനിറ്റിൽ ഫലം കണ്ടു. സമനില ​ഗോൾ നേടിയെങ്കിലും മത്സരം ജയിച്ചുകയറാൻ ബെം​ഗളൂരുവിന് കഴിഞ്ഞില്ല. പ്രതിരോധത്തിനൊപ്പം മുന്നേറ്റവും ബ്ലാസ്റ്റേഴ്സിന് ശക്തിപ്പെടുത്തേണ്ടതുണ്ട്. ​ഗോകുലത്തിനെതിരെ ആദ്യ പകുതിയിൽ തന്നെ കേരളം മൂന്ന് ​ഗോൾ വഴങ്ങിയിരുന്നു. ബ്ലാസ്റ്റേഴ്സ് മത്സരത്തിലേക്ക് തിരികെ വന്നെങ്കിലും 3-4 ന് മത്സരം തോറ്റു. ചില ​അവസരങ്ങൾ ​ഗോളാക്കി മാറ്റാൻ കഴിയാതിരുന്നത് ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയുടെ പരാജയമായി. ഇതുവരെ 13 തവണ ബെം​ഗളൂരുവും കേരളവും നേർക്കുനേർ വന്നിട്ടുണ്ട്. ഇതിൽ എട്ട് തവണയും ബെം​ഗളൂരുവിനായിരുന്നു ജയം. മൂന്ന് മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് ജയിച്ചപ്പോൾ രണ്ട് മത്സരങ്ങൾ സമനിലയിലായി.

Related Posts

Leave a Reply