മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ.മൻമോഹൻ സിങിന് രാജ്യം ഇന്ന് വിട നൽകും. രാവിലെ 11:45 ഓടെ നിഗംബോധ് ഘട്ടിലാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. ഡോ. മൻമോഹൻസിംഗിന്റെ ഭൗതികശരീരം ഇന്ന് എട്ടുമണിയോടെ അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനത്തേക്ക് കൊണ്ടുപോകും.
കോൺഗ്രസ് ആസ്ഥാനത്ത് ഒരു മണിക്കൂർ പൊതുദർശനത്തിന് വച്ചശേഷം 9:30ഓടെ യമുനാ നദിക്കരയിലെ നിഗംബോധ് ഘട്ടിലേക്ക് മൻമോഹൻസിംഗിന്റെ ഭൗതികശരീരം കൊണ്ടുപോകും. വ്യാഴാഴ്ച രാത്രി 9:51 ഓടെയായിരുന്നു മൻമോഹൻ സിംഗിന്റെ അന്ത്യം.
അതേസമയം ഡോ മൻമോഹൻസിങിന്റെ അന്ത്യവിശ്രമത്തിനായി രാജ്ഘട്ടിന് സമീപം പ്രത്യേക സ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രധാനമന്ത്രിയും പ്രധാന മന്ത്രിയെയും പ്രതിരോധ മന്ത്രിയെയും സമീപിച്ചിരുന്നു.കോൺഗ്രസിന്റെ ഈ ആവശ്യം പരിഗണിക്കാതെയാണ് നിഗം ബോധ് ഘട്ടിൽ സംസ്കാര ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ വീട്ടിലെത്തി ഡോക്ടർ മൻമോഹൻ സിങിന് അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു.