Kerala News

ഡീനിന്റെ പണി സെക്യൂരിറ്റി സർവ്വീസല്ലെന്ന് പൂക്കോട് വെറ്ററിനറി കോളേജ് ഡീൻ എം കെ നാരായണന്‍

കൽപ്പറ്റ: ഡീനിന്റെ പണി സെക്യൂരിറ്റി സർവ്വീസല്ലെന്ന് പൂക്കോട് വെറ്ററിനറി കോളേജ് ഡീൻ എം കെ നാരായണന്‍. ഡീൻ, ഫാകൽറ്റി ഹെഡ് ആണ്. ഡീനിന് കീഴിലാണ് അസിസ്റ്റന്റ് വാർഡൻ. ഇരുവരും ഹോസ്റ്റലിലല്ല താമസം. ഹോസ്റ്റലിൽ താമസിക്കേണ്ടത് റെസിഡന്റ് ട്യൂട്ടറാണ്. ഹോസ്റ്റലിൽ സൌകര്യമില്ലാത്തതിനാൽ സർവ്വകലാശാല റെസിഡന്റ് ട്യൂട്ടററെ നിയമിച്ചിട്ടില്ല.

130ഓളം കുട്ടികൾ ഹോസ്റ്റലിൽ താമസിക്കുന്നുണ്ട്. ഇവരാരും ഹോസ്റ്റലിൽ പ്രശ്നമുണ്ടെന്ന് പരാതി പറഞ്ഞിട്ടില്ല. എല്ലാ കാര്യവും ഡീനിന് ചെയ്യാനാകില്ല. ഹോസ്റ്റലിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്ന് അസിസ്റ്റന്റ് വാർഡൻ റിപ്പോർട്ട് തന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാത്തത് യൂണിവേഴ്സിറ്റിയുടെ വീഴ്ച്ചയെന്നും ഡീൻ എം കെ നാരായണന്‍ പറഞ്ഞു.

സംഭവം നടന്ന 2024 ഫെബ്രുവരി 18ന് മുഖ്യമന്ത്രിയുടെ പരിപാടിക്ക് അസിസ്റ്റന്റ് വാർഡനൊപ്പം കുട്ടികളെ കൊണ്ടുപോയിരിക്കുകയായിരുന്നു. അപ്പോഴാണ് തൂങ്ങിമരണം ഉണ്ടായതായി വിവരം ലഭിച്ചത്. മരണം അറിയിച്ചപ്പോൾ 10 മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തി. സിദ്ധാർത്ഥനെ രക്ഷിക്കാൻ ശ്രമിച്ചു. അന്നേദിവസം ഇവിടെ വാഹനം ഉണ്ടായിരുന്നില്ല. അതിനാൽ ഒരു വിദ്യാർത്ഥിയുടെ വണ്ടിയിലാണ് ആംബുലൻസിനെ പിന്തുടർന്നത്. കുടുംബവുമായി അടുപ്പമുള്ള വിദ്യാർത്ഥികളിലൊരാളാണ് മരണം അറിയിച്ചത്.

ഹോസ്റ്റലിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്ന് അസിസ്റ്റന്റ് വാർഡൻ റിപ്പോർട്ട് തന്നു. ദേശീയ ആന്റി റാഗിംഗ് സെൽ ആണ് റാഗിങ് വിവരമാദ്യം അറിയിക്കുന്നത്. തുടർന്നാണ് അന്വേഷണം നടത്തിയത്. വി സി അന്ന് ഉച്ചമുതൽ സർവ്വകലാശാലയിൽ ഉണ്ടായിരുന്നു. ഹോസ്റ്റലിലേക്ക് വി സി എത്തിയിട്ടില്ല. സർവ്വകലാശാലയ്ക്ക് തെറ്റുപറ്റിയിട്ടില്ല. വിദ്യാർഥികളെ ആരെയും സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ല. മർദ്ദനമേറ്റ കാര്യം സിദ്ധാർത്ഥൻ പറഞ്ഞില്ലെന്നും ഡീൻ പറഞ്ഞു.

സിദ്ധാർത്ഥനെതിരായ പരാതി ലഭിക്കുന്നത് 19നാണ്. കുട്ടികൾ മർദ്ദനം ഉണ്ടായ വിവരം ഒരു ഘട്ടത്തിലും പറഞ്ഞില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷമാണ് മർദ്ദനമേറ്റ കാര്യം അറിയുന്നത്. കുറ്റകൃത്യം ചെയ്ത വിദ്യാർത്ഥികൾക്ക് കടുത്ത ശിക്ഷ നൽകി. മർദ്ദനത്തിന് കാരണം വാലന്റൈൻസ് ഡേയിൽ ഉണ്ടായ തർക്കമാണെന്നും ഭക്ഷണം തടഞ്ഞു വെക്കുന്ന അവസ്ഥ ഉണ്ടായിട്ടില്ലെന്നും ഡീന്‍ എം കെ നാരായണന്‍ പറഞ്ഞു.

എന്താണുണ്ടായതെന്ന് അന്വേഷണത്തിൽ കണ്ടെത്തണം. സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കാത്തത് യൂണിവേഴ്സിറ്റിയുടെ വീഴ്ച്ചയാണ്. ആംബുലൻസ് എത്തിയ ശേഷമാണ് മൃതദേഹം അഴിക്കാൻ കുട്ടികൾ സഹായിച്ചത്. വിസിക്ക് വീഴ്ച്ച സംഭവിച്ചോ എന്ന് അന്വേഷിച്ച് കണ്ടെത്തട്ടെ. മർദ്ദനം നടന്നിട്ടും കുട്ടികൾ അറിയിക്കാത്തത് കുറ്റകരമായ അനാസ്ഥയാണ്. സംഭവത്തിനു ശേഷമാണ് സുരക്ഷ ഉദ്യോഗസ്ഥരെ നിയമിച്ചതെന്നും ഡ‍ീൻ വ്യക്തമാക്കി.

Related Posts

Leave a Reply