ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച്ച പെയ്ത കനത്ത മഴയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കാണ് ഡല്‍ഹി സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. ജൂണ്‍ 28 ലെ ശക്തമായ മഴയില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതുള്‍പ്പെടെ വലിയ ദുരന്തം സംസ്ഥാനം നേരിട്ടെന്ന് മന്ത്രി അതിഷി പറഞ്ഞു.
കനത്ത ചൂടില്‍ വലഞ്ഞ ഡല്‍ഹിയില്‍ ആശ്വാസമായിട്ടായിരുന്നു വെള്ളിയാഴ്ച്ച പുലര്‍ച്ചെ മഴ എത്തിയതെങ്കിലും തോരാതായത് ആശങ്കയ്ക്ക് വഴി മാറി. ഓരോ റോഡുകളിലും നിമിഷങ്ങള്‍ കൊണ്ട് വെള്ളം കയറുകയായിരുന്നു. മന്ത്രി അതിഷിയുടെ വീട് ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങിയിരുന്നു.
വെള്ളിയാഴ്ച 228.1 മില്ലിമീറ്റര്‍ റെക്കോര്‍ഡ് രേഖപ്പെടുത്തിയ മഴയ്ക്ക് ശേഷം ശനിയാഴ്ച്ചയും മഴ തുടര്‍ന്നു. ഇതില്‍ വസന്ത് വിഹാറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ബേസ്‌മെന്റ് തകര്‍ന്ന് മൂന്ന് തൊഴിലാളികള്‍ മരണപ്പെട്ടിരുന്നു.ഡല്‍ഹി പൊലീസ്, അഗ്‌നിശമന സേന, ദേശീയ ദുരന്ത നിവാരണ സേന തുടങ്ങിയവരുടെ 28 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.