ഡയമണ്ട് ലീഗ് ഫൈനൽസ് ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. 87.86 മീറ്റർ ദൂരം എറിഞ്ഞാണ് രണ്ടാം സ്ഥാനം. ഒന്നാം സ്ഥാനം നഷ്ടമായത് നേരിയ വ്യത്യാസത്തിന്. 1 സെന്റീമീറ്റർ വ്യത്യാസത്തിനാണ് ഒന്നാം സ്ഥാനം നഷ്ടമായത്. 87.87 മീറ്റർ ദൂരം എറിഞ്ഞ ആന്റേഴ്സൺ പീറ്റേഴ്സിന് ഒന്നാം സ്ഥാനം.
86.82, 83.49, 87.86, 82.04, 83.30, 86.46 എന്നിങ്ങനെയായിരുന്നു നീരജിന്റെ പ്രകടനം. 2022ൽ ചാമ്പ്യനായിരുന്ന നീരജ് കഴിഞ്ഞവർഷവും രണ്ടാം സ്ഥാനം നേടിയിരുന്നു. ജർമനിയുടെ ജൂലിയൻ വെബ്ബറിനാണ് വെങ്കലം. 85.97 മീറ്ററാണ് വെബ്ബർ എറിഞ്ഞിട്ടത്. ഇക്കഴിഞ്ഞ പാരീസ് ഒളിമ്പിക്സിൽ നീരജ് വെള്ളി നേടിയിരുന്നു. 89.45 മീറ്ററോടെയായിരുന്നു നീരജിന്റെ പാരിസ് ഒളിമ്പിക്‌സിലെ വെള്ളി മെഡൽ നേട്ടം.
2023ലും ചെറിയ ദൂരത്തിനായിരുന്നു നീരജിന് സ്വർണം നഷ്ടമായത്. അന്ന് ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാൽഡെക്കിനായിരുന്നു സ്വർണം.
2022 സീസണിൽ സൂറിക്കിൽ നടന്ന ഡയമണ്ട് ലീഗ് ഫൈനൽസിൽ 88.44 മീറ്റർ ദൂരം പിന്നിട്ടാണ് നീരജ് ഒന്നാമതെത്തിയത്. ഒളിമ്പിക്സിലും വേൾഡ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും സ്വർണംനേടിയ ഏകതാരമാണ് നീരജ്.