International News

ടെലഗ്രാം ആപ്ലിക്കേഷന്‍ സഹസ്ഥാപകനും സിഇഒയുമായ പവേല്‍ ദുരോവ് പാരിസില്‍

ടെലഗ്രാം ആപ്ലിക്കേഷന്‍ സഹസ്ഥാപകനും സിഇഒയുമായ പവേല്‍ ദുരോവ് പാരിസില്‍ അറസ്റ്റില്‍. പാരിസിലെ ബർഗെറ്റ് വിമാനത്താവളത്തിൽ വെച്ചാണ് പാവേൽ അറസ്റ്റിലാവുന്നത്. ടെലഗ്രാം ആപ്പുമായി ബന്ധപ്പെട്ട് ഫ്രാന്‍സില്‍ പ്രാഥമികാന്വേഷണം നടക്കുന്ന കേസിലാണ് അറസ്റ്റെന്നാണ് സൂചന. ഞായറാഴ്ച കോടതിയില്‍ ഹാജരാവാനിരിക്കെയാണ് പെട്ടെന്നുള്ള അറസ്റ്റ്.

ഫോബ്‌സ് പുറത്തുവിടുന്ന വിവരങ്ങൾ പ്രകാരം 15.5 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ഈ മുപ്പത്തിയൊമ്പതുകാരനുള്ളത്. ഫ്രഞ്ച് പൗരത്വത്തിന് പുറമെ യുഎഇ പൗരത്വവും പവേലിനുണ്ട്. നിലവിൽ ദുബൈയിൽ താമസക്കാരനാണ് ഇയാൾ. ടെലഗ്രാമിന്റെ ആസ്ഥാനവും ഇവിടെ തന്നെയാണ്.

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയോഗിക്കപ്പെട്ട ഫ്രാന്‍സിലെ ഏജന്‍സിയായ ഒഎഫ്എംഐഎന്‍ ദുരോവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. വഞ്ചന, മയക്കുമരുന്ന് കടത്ത്, സൈബര്‍ ഇടത്തിലെ ഭീഷണിപ്പെടുത്തല്‍, സംഘടിത കുറ്റകൃത്യങ്ങള്‍, തീവ്രവാദം പ്രോത്സാഹിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ദുരോവിനെതിരെ ചുമത്തപ്പെട്ടതെന്നാണ് സൂചന.

അതേസമയം, പവേലും സഹോദരൻ നിക്കോലായും ചേർന്ന് 2013ലാണ് ടെലഗ്രാം സ്ഥാപിക്കുന്നത്. 900 ദശലക്ഷം ആക്‌ടീവ് യൂസർമാരാണ് ടെലഗ്രാമിനുള്ളത്. ടെലഗ്രാമിന് മുൻപ് വികെ എന്ന പേരിൽ സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോം റഷ്യയിൽ പവേൽ ദുരോവ് സ്ഥാപിച്ചിരുന്നു. വികെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ പ്രതിപക്ഷ കമ്മ്യൂണിറ്റികൾ അടച്ചുപൂട്ടാനുള്ള സർക്കാർ നിർദേങ്ങൾ അനുസരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് 2014ൽ പവേൽ റഷ്യ വിടുകയായിരുന്നു. ശേഷം ആപ്പ് വിൽക്കുകയും ചെയ്തു. ആരെങ്കിലും നിന്ന് ഉത്തരവ് സ്വീകരിക്കുന്നതിനേക്കാളും താൻ സ്വതന്ത്രനായിരിക്കുമെന്നാണ് അന്ന് പവേൽ പ്രതികരിച്ചത്.

Related Posts

Leave a Reply